സ്മാർട് സിറ്റിയുടെ ഭാഗമായി ഓട പൊളിച്ചു; വീട്ടിലേക്കു വഴിയടഞ്ഞ് വയോജന ദമ്പതികൾ

Mail This Article
തിരുവനന്തപുരം∙ സ്മാർട് സിറ്റിയുടെ ഭാഗമായി ഓട പൊളിച്ചതോടെ വീട്ടിലേക്കു കയറാൻ വഴി ഇല്ലാതെ വയോജന ദമ്പതികൾ. ശാസ്തമംഗലം ടെംപിൾറോഡിൽ ബിന്ദുല വീട്ടിൽ ഏബ്രഹാം, ദീനാമ്മ എന്നിവരാണ് ദുരവസ്ഥയിലായത്.6 മാസം മുൻപാണ് റോഡ് പണികൾക്കായി ഓട പൊളിച്ചത്. സമീപത്തെ വീടുകളുടെ മുന്നിൽ എല്ലാം സ്ലാബുകൾ ഇട്ടുകൊടുത്തിട്ടും തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് ദമ്പതികളുടെ പരാതി.റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ് എൺപതുകാരനായ ഏബ്രഹാം.
ദീനാമ്മയ്ക്ക് 76 വയസ്സ്. ഇരുവർക്കും ആശുപത്രി ആവശ്യങ്ങൾക്കും മറ്റും പോകാൻ ഓട്ടോറിക്ഷയാണ് ഏക ആശ്രയം. ഓട പൊളിഞ്ഞതോടെ ഡ്രൈവർമാർ വരാൻ മടിക്കുകയാണ്. തകർന്ന വഴിയിൽക്കൂടെ നടന്നുകയറാനും ഇരുവർക്കും ബുദ്ധിമുട്ടാണ്. അധികൃതർ നടപടി എടുക്കാത്തതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് ഇവർ.സ്യുവിജ് പണി സംബന്ധിച്ചുള്ള പ്രശ്നം കാരണമാണ് സ്ലാബ് ഇടാതിരുന്നതെന്നും ആവശ്യമായ നടപടി എടുക്കുമെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.