മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ മർദനം: പരാതി നൽകിയ യുവാവ് മരിച്ച നിലയിൽ

Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തി സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദനത്തിന് ഇരയായെന്നു പരാതി നൽകിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട മണ്ണാമൂല മിനിഭവൻ എംആർഎയിൽ ബി.ശ്രീകുമാർ(38) ആണു മരിച്ചത്.മണ്ണാമൂല പാലത്തിനു സമീപം അരയടിയോളം താഴ്ചയിൽ വെള്ളമുള്ള തോട്ടിൽ ഇന്നലെ രാവിലെ പത്തിനാണു മൃതദേഹം കണ്ടത്. മർദനമേറ്റ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കുമെതിരെ ഇദ്ദേഹം പരാതി നൽകിയിരുന്നു. മുറിവുകളോ ബലപ്രയോഗം നടന്ന ലക്ഷണമോ ഇല്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ അസ്വാഭാവികത വിലയിരുത്താനാകൂവെന്നും വട്ടിയൂർക്കാവ് എസ്എച്ച്ഒ ബി.വിനോദ് പറഞ്ഞു.
പാലത്തിനു സമീപം ചതുപ്പുനിലമാണ്. അപസ്മാര രോഗിയായ ശ്രീകുമാർ ഇതുവഴി നടന്നപ്പോൾ കാൽവഴുതി വീണതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൊബൈൽ ഫോൺ വെള്ളത്തിൽനിന്നു കണ്ടെടുത്തു. അടിപിടിയടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണു ശ്രീകുമാർ. മെഡിക്കൽ കോളജ് വിഷയത്തിൽ ജീവനക്കാർക്കെതിരെ പരാതി നൽകിയതിനു പിന്നാലെ ഭീഷണി ഉണ്ടായതായി ശ്രീകുമാർ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു.അജ്ഞാത നമ്പറുകളിൽനിന്നു ഫോൺകോൾ വന്നതായി മാധ്യമ പ്രവർത്തകരോടും വെളിപ്പെടുത്തിയിരുന്നു. മേയ് 16നാണ് ശ്രീകുമാറിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മർദനമേറ്റത്.