ADVERTISEMENT

തിരുവനന്തപുരം ∙ കഴക്കൂട്ടം നെഹ്‌റു ജംക്‌ഷനിൽ കാപ്പ കേസിലെ പ്രതിയെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ തുടർച്ചയായി വീണ്ടും ഗുണ്ടാ ആക്രമണത്തിന് സാധ്യതയെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. അഖിലിനെ കൊലപ്പെടുത്താനുള്ള നീക്കം പാളിയെങ്കിലും അഖിലിനു നേരെ വീണ്ടും ആക്രമണം ഉണ്ടാകാം. വധഭീഷണിയെത്തുടർന്നു അഖിൽ പലതവണ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടും എതിരാളി സംഘം വഴങ്ങിയില്ലെന്നാണ് വിവരം. ഇരുകൂട്ടരും തമ്മിൽ കടുത്ത പകയുള്ളതിനാൽ വീണ്ടും ആക്രമണത്തിനു സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ബോംബേറിൽ പരുക്കേറ്റ അഖിൽ ജയിലിൽ കഴിയുന്ന ഗുണ്ട ലിയോൺ ജോൺസന്റെ സംഘാംഗമാണെന്നാണ് റിപ്പോർട്ട്.

തുമ്പ സ്വദേശികളും ഗുണ്ടകളുമായ സുനിലും ലിയോൺ ജോൺസനും തമ്മിലുള്ള കുടിപ്പകയാണ് ആക്രമണ പരമ്പരകൾക്കു തുടക്കമിട്ടതെന്ന് പൊലീസ് പറ‍ഞ്ഞു . 2022 ൽ ലിയോണിന്റെ നിർദേശ പ്രകാരം സുനിലിനു നേരെ അഖിലിന്റെ നേതൃത്വത്തിലുള്ള 4 അംഗ സംഘം ആക്രമണം നടത്തി. സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ബോംബേറിൽ റോഡിൽ നിന്ന രാജൻ ക്ലീറ്റസ് എന്നയാളാണ് ഇരയായത്. അന്നു രാജന്റെ കാൽ പൂർണമായും തകർന്നു. കേസിൽ ലിയോണും അഖിലും ജയിലിലായെങ്കിലും ഇരു സംഘങ്ങൾ തമ്മിൽ വെല്ലുവിളികൾ തുടർന്നു. കേസിൽ ജാമ്യം ലഭിച്ച ലിയോണിനെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി ഫെയ്സ്ബുക് പോസ്റ്റ് ഇട്ടതിനും പിന്നീട് ലഹരിക്കേസിലും അറസ്റ്റ് ചെയ്തു.

ബോംബേറ്: പിന്നിൽ ഗൂഢാലോചന 
അഖിലിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചത് വിശദമായ ഗൂഢാലോചനയ്ക്കു ശേഷമെന്ന് പൊലീസ്. ഞായർ രാവിലെ 11.20ഓടെ അഖിൽ സ്റ്റേഷൻകടവിലെ വീട്ടിൽ നിന്നും ഇറച്ചി വാങ്ങാനായാണ് പുറത്തിറങ്ങിയത്. അവിടെ നിന്നു നെഹ്റു ജംക്‌ഷനിൽ സുഹൃത്ത് ഷെമീറിന്റെ വീട്ടിൽ എത്തി. ഷെമീർ വീട്ടിൽ ഇല്ലാത്തതിനാൽ പുറത്തിറങ്ങി റോഡിൽ നിന്ന സുഹൃത്ത് വിവേകുമായി സംസാരിച്ചു നിൽക്കുമ്പോഴായിരുന്നു ആക്രമണം .

അഖിൽ യാത്ര ചെയ്തതു നിരീക്ഷിച്ചാണ് ബോംബ് എറിയാൻ പദ്ധതിയിട്ടത്. 2 പേർ ആദ്യം ബൈക്കിലെത്തി നിരീക്ഷിച്ച ശേഷം ഫോൺ വിളിച്ച് കൂട്ടാളികൾക്കു വിവരം നൽകി. ഇവർ തുമ്പയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ബോംബുമായി കിൻഫ്രയിലെ വനിതാഹോസ്റ്റലിനു മുൻവശത്തെ റോഡിലൂടെയാണ് എത്തിയത്. ഹെൽമറ്റ് ധരിച്ച് 2 ബൈക്കുകളിലായി 4 പേർ ഉണ്ടായിരുന്നു. ബൈക്കിനു പിന്നിലിരുന്ന 2 പേർ സ്ഥലത്ത് ഇറങ്ങി. 

കയ്യിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ബോംബുകളിൽ ഒരെണ്ണമാണ് അഖിലിന് നേരെ എറിഞ്ഞത്. നെഞ്ചിനു നേരെ വന്ന ബോംബ് കയ്യിൽതട്ടി തറയിൽ വീണു പൊട്ടുകയായിരുന്നു. അഖിൽ രക്ഷപ്പെട്ട് ഓടിയതോടെ രണ്ടാമത്തെ ബോംബ് ഷമീറിന്റെ വീടിനു മുന്നിലും എറിഞ്ഞു. കേസിൽ പിടിയിലായ ഷെഹിൻ ബാബു ആണ് ബോംബ് എറിഞ്ഞതെന്നാണ് അഖിൽ പൊലീസിന് നൽകിയ മൊഴി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com