പണി പൂർത്തിയാകാതെ കഴക്കൂട്ടം ശാന്തിതീരം ക്രിമറ്റോറിയം

Mail This Article
കഴക്കൂട്ടം∙ ശാന്തികവാടത്തിന്റെ മാതൃകയിൽ നാലു വർഷം മുൻപ് കഴക്കൂട്ടത്ത് നിർമാണം ആരംഭിച്ച ശാന്തിതീരം ക്രിമറ്റോറിയം പണി പൂർത്തിയായില്ല. 2019ൽ വി.കെ. പ്രശാന്ത് മേയർ ആയിരിക്കുമ്പോഴാണ് രണ്ടു കോടിയോളം രൂപ ചെലവ് വരുന്ന ശാന്തിതീരം എന്നു പേരു നൽകി നിർമാണം നഗരസഭ ആരംഭിച്ചത്. വൈദ്യുത ക്രിമറ്റോറിയം നിർമിക്കാനാണ് ലക്ഷ്യം ഇട്ടതെങ്കിലും റെയിൽവേ അനുമതി നൽകാത്തതിനാൽ ഗ്യാസ് ക്രിമറ്റോറിയമാണ് നിർമിക്കുന്നത്.
രണ്ടു വർഷം മുൻപ് പ്രധാന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും ഗ്യാസ് അടുപ്പും മറ്റും സ്ഥാപിച്ചിട്ടില്ല. നഗരസഭയിലെ 12 ലേറെ വാർഡുകൾക്കും സമീപ പഞ്ചായത്തുകൾക്കും ഗുണകരമാകേണ്ട പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പാലിച്ചുളള ഗ്യാസ് ക്രിമറ്റോറിയമാണ് നിർമാണത്തിൽ ഇരിക്കുന്നത്. മൃതദേഹം സംസ്‌കരിക്കുമ്പോഴുള്ള പുക മുഴുവനായും വെള്ളത്തിലൂടെ കടത്തിവിട്ടു ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴി പുറന്തള്ളും. അതിനാൽ ദുർഗന്ധം സമീപത്തെ വീടുകളെ ബാധിക്കില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഉദ്യാനത്തിന്റെയും പാർക്കിങ് ഗ്രൗണ്ടും പദ്ധതിയിൽ ഉണ്ടെങ്കിലും അതിന്റെ പ്രാഥമിക ജോലികൾ പോലും ആരംഭിച്ചിട്ടില്ല.
ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമാണം ഏറ്റെടുത്തിരുന്ന കരാറുകാരൻ മരിച്ചതാണ് ശാന്തി തീരത്തിന്റെ നിർമാണം പൂർത്തിയാകാൻ വൈകിയതെന്നാണ് നഗരസഭ അധികൃതരുടെ ഭാഷ്യം. ക്രിമറ്റോറിയത്തിൽ ഗ്യാസ് പ്ലാന്റും മറ്റും സ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതായും അടുത്ത മാസം ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അറിയിച്ചു.