ADVERTISEMENT

നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ വയറിളക്കവും ഛർദിയും കാരണം അന്തേവാസികളിൽ ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് കോളറ സ്ഥിരീകരിക്കുകയും ചെയ്തതിനെത്തുടർന്ന് തവരവിളയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റൽ താൽക്കാലികമായി പൂട്ടി.  ഭിന്നശേഷിക്കാരനായ വിതുര തൊളിക്കോട് മലയടി മുളമൂട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെ മകൻ അനു(26) ആണു വെള്ളിയാഴ്ച വൈകിട്ടു മരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയിൽ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച 10 വയസ്സുകാരനു കോളറ സ്ഥിരീകരിച്ചു. 

സമാന ലക്ഷണങ്ങളുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ 6 പേർ ചികിത്സയിൽ ഉണ്ടായിരുന്നു. ഇന്നലെ വീണ്ടും ഇതേ ലക്ഷണങ്ങളുമായി 4 പേരെ കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി. എന്നാൽ കോളറയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടില്ല.അനുവിന്റെ മരണകാരണവും കോളറയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അന്തേവാസികളിലെ ഒരു കുട്ടിക്കു രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ള മറ്റു 11 പേർക്കും കോളറ ആകാനാണു സാധ്യതയെന്നു ജില്ല മെഡിക്കൽ ‍ഓഫിസർ ഡോ.ബിന്ദുമോഹൻ പറഞ്ഞു.        

എന്നാൽ കോളറയ്ക്ക് എതിരെയുള്ള മരുന്ന് കഴിച്ചതിനാൽ മരിച്ച അനുവിന് കോളറ ബാധ ഉണ്ടായിരുന്നോ എന്ന് ഇനി കണ്ടെത്താനാകില്ല. മരുന്ന് കഴിച്ച മറ്റുള്ളവർക്കും രോഗമുണ്ടോ എന്ന് സ്ഥിരീകരിക്കാനുമാവില്ല. അവസാനം ചികിത്സ തേടിയ 4 പേരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . സ്ഥാപനത്തിന്റെ പരിസരങ്ങളിൽ നിന്നും മരിച്ച അനുവിന്റെ വീട്ടിൽ നിന്നും പരിശോധനയ്ക്ക് ആവശ്യമായ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. 

 കൂടുതൽ രോഗികളുണ്ടായാൽ ഐരാണിമുട്ടത്ത് ഐസലേഷൻ കേന്ദ്രം തുടങ്ങുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. നെയ്യാറ്റിൻകര, പാറശാല, നേമം മേഖലകളിൽ നിരീക്ഷിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ഡിഎംഒ അധ്യക്ഷയായ 15 അംഗ സമിതിയെ നിയോഗിച്ചു.മരിച്ച അനു ഉൾപ്പെടെ ഇവിടെ 65 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നു ശ്രീ കാരുണ്യ മിഷൻ ചാരിറ്റബിൾ സ്കൂൾ സൊസൈറ്റി പ്രിൻസിപ്പൽ അനിത പറഞ്ഞു.

കോളറയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
ഹോസ്റ്റലിൽ കോളറ പടർന്ന എവിടെയെന്നു കണ്ടെത്താതെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തിയാൽ മാത്രമേ പരിസരപ്രദേശങ്ങളിൽ രോഗബാധ ഇല്ലെന്ന് ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ. അതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈ രംഗത്തു ഗവേഷണം നടത്തുന്നവർ വ്യക്തമാക്കി. കിണറ്റിലെ വെള്ളം റിവേഴ്സ് ഓസ്മോസിസ് (ആർഒ) നടത്തുന്നതിനാൽ ഇതു കോളറയ്ക്ക് കാരണമാകില്ല. ഹോസ്റ്റലിൽ പത്തു ദിവസം മുൻപാണ് പുറത്തുനിന്ന് ആഹാരം കൊണ്ടുവന്നതെന്ന് ഡിഎംഒ ഓഫിസിലെ ചിലർ പറഞ്ഞു. കോളറ ബാധിച്ച് 5 ദിവസത്തിനകം രോഗം പ്രത്യക്ഷമാകും. അപ്പോൾ 10 ദിവസം മുൻപു കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്നാണ് കോളറ പടർന്നെന്ന വാദത്തിനും പ്രസക്തിയില്ല. ഭക്ഷണം എവിടെ നിന്നാണു കൊണ്ടുവന്നതെന്ന ചോദ്യത്തിനും ഡിഎംഒയിൽ ഉള്ളവർ കൈമലർത്തുന്നു. 

കോളറ സ്ഥിരീകരിച്ചിട്ടും അതു മറച്ചുവച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഹോസ്റ്റലിലെ അന്തേവാസിയായ അനു വെള്ളിയാഴ്ച വൈകിട്ടോടെ മരിച്ചു. മാരായമുട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. വയറിളക്കം മൂലം മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്തെങ്കിലും ആരോഗ്യ വകുപ്പ് അനങ്ങിയില്ല. പിന്നാലെയാണ് ഒരു ആൺകുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ കുട്ടിയുടെ സാംപിൾ പരിശോധനയിൽ കോളറ സ്ഥിരീകരിച്ചു. 

തിങ്കളാഴ്ച വൈകിട്ട് രോഗം കണ്ടെത്തിയെങ്കിലും വിവരം പുറത്തുവിട്ടില്ല. പകർച്ച വ്യാധികൾ സ്ഥിരീകരിച്ചാൽ ഉടൻ തന്നെ പ്രദേശവാസികളെയും മാധ്യമങ്ങളെയും അക്കാര്യം അറിയിച്ചു രോഗം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. കേരളത്തിൽ പല അവസരങ്ങളിലും ഇത്തരമൊരു ജാഗ്രത സ്വീകരിക്കാറില്ലെന്ന പരാതി നിലനിൽക്കെയാണ് കോളറ വിവരവും മറച്ചുവച്ചത്.

കോളറ: മുൻകരുതൽ വേണം
സംസ്ഥാനത്തു കഴിഞ്ഞ 6 മാസത്തിനിടെ കോളറ സ്ഥിരീകരിച്ചത് 9 പേർക്ക്. കഴിഞ്ഞ വർഷം 26 പേ‍ർക്ക് ഈ രോഗം ബാധിച്ചിരുന്നു. രോഗം സംശയിച്ചതു 45 പേർക്ക്. സംസ്ഥാനത്തു 2017ലാണ് കോളറ ബാധിച്ചുള്ള മരണം അവസാനമായി റിപ്പോർട്ട് ചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. സാംക്രമിക രോഗമായ കോളറ പ്രധാനമായും ജലജന്യ രോഗമാണ്. ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണത്തിലേക്കും മരണത്തിലേക്കും നയിക്കും. കോളറ രോഗാണുക്കൾ ബാധിച്ചവരിൽ നിന്നുള്ള വിസർജ്യം കലരുന്ന വെള്ളത്തിലും ഭക്ഷണത്തിലും കോളറ ബാക്ടീരിയ കാണപ്പെടും. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ അസുഖത്തിന്റെ പ്രധാന കാരണം.

മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് കൂടുതലായും പടരുന്നത്. രോഗാണുക്കൾ ശരീരത്തിൽ എത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാം. നിർജലീകരണം കൊണ്ടാണു രോഗം ഗുരുതരവും മരണ കാരണവുമാകുന്നത്. അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെയാണ് കോളറ ചികിത്സയും. ആരംഭം മുതൽ ഒആർഎസ് ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

കോളറയുടെ ലക്ഷണങ്ങൾ
ഓക്കാനം, പെട്ടെന്നുള്ള വയറിളക്കം, നിർജലീകരണം, ഛർദി, ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ്, കുറഞ്ഞ രക്തസമ്മർദം.

മുൻകരുതലുകൾ
∙തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
∙ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
∙ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ച് മാത്രം കഴിക്കുക
·∙പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
·∙മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക
·∙വയറിളക്കമോ ഛർദിലോ ഉണ്ടായാൽ ധാരാളം പാനീയം കുടിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com