ADVERTISEMENT

തിരുവനന്തപുരം∙ അന്തിമ ലൊക്കേഷൻ സർവേ നടക്കുന്ന എറണാകുളം–ഷൊർണൂർ മൂന്നാം പാതയ്ക്കു പുറമേ തൃശൂർ–തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യത തേ‌‌ടി റെയിൽവേ. ഇതിനായി ഇപ്പോഴുള്ള തൃശൂർ–ഗുരുവായൂർ ഒറ്റവരിപ്പാത ഇരട്ടിപ്പിക്കുകയും ഗുരുവായൂർ–തിരുനാവായ പുതിയ ഇരട്ടപ്പാത നിർമിക്കുകയും വേണം. മലബാറിലേക്കുള്ള ദൂരം കുറയ്ക്കാൻ പാത സഹായിക്കും. ഗുരുവായൂർ–തിരുനാവായ പാതയുടെ അന്തിമ ലൊക്കേഷൻ സർവേ പുരോഗമിക്കുകയാണ്. അതിൽ തൃശൂർ–ഗുരുവായൂർ രണ്ടാം പാത കൂടി ഉൾപ്പെടുത്താനാണ് ആലോചന. 

2018 ൽ പ്രഖ്യാപിച്ച എറണാകുളം–ഷൊർണൂർ മൂന്നാം പാതയുടെ സർവേയിൽ ഭാവിയിൽ നാലാം പാതയ്ക്ക് ആവശ്യമായ ഭൂമിയുടെ വിസ്തൃതി കൂടി കണക്കാക്കുന്നുണ്ട്. പാലങ്ങളുടെ ഡിസൈനും ഇരട്ടപ്പാതയ്ക്ക് ആവശ്യമായ രീതിയിലാകും. മൂന്നും നാലും പാതയുടെ പദ്ധതികളുമായി ബന്ധപ്പെട്ട്  ഒന്നിലധികം സർവേകളാണു ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്.  ഇവയുടെ വിശദമായ പഠന റിപ്പോർട്ടുകൾ (ഡിപിആർ)  ലഭിക്കുന്ന മുറയ്ക്കു റെയിൽവേ ബോർഡിന് കൈമാറും. റിപ്പോർട്ട് സമർപ്പിച്ചാൽ അനുമതിക്കായി ഒരു വർഷമാണു കുറഞ്ഞതു വേണ്ടി വരിക. 

വിവിധ സർവേകളുടെ തൽസ്ഥിതി
∙എറണാകുളം–ഷൊർണൂർ മൂന്നാം പാതഅന്തിമ ലൊക്കേഷൻ സർവേ അവസാന ഘട്ടത്തിൽ. തൃശൂർ ജില്ലയിൽ മണ്ണ് പരിശോധന നടക്കുന്നു. 160 കിലോ മീറ്റർ  വേഗം സാധ്യമാക്കാനായി ‌പാത പല സ്ഥലങ്ങളിലും മാറും.  

∙കോയമ്പത്തൂർ–ഷൊർണൂർ മൂന്നും നാലും പാത
പാലക്കാട്–ഷൊർണൂർ പാതയിൽ ഇപ്പോഴുള്ള പാതയ്ക്കു സമാന്തരമായി, പാലക്കാടിനു ശേഷം വാളയാറിൽ വനമേഖല ഒഴിവാക്കിയുള്ള അലൈൻമെന്റ് പരിഗണനയിൽ.  

∙ഷൊർണൂർ–മംഗളൂരു മൂന്നും നാലും പാത
നിലവിലെ പാതയ്ക്കു സമാന്തരമായി നിർമിക്കുന്ന പാത സിൽവർ ലൈനിനായി കണ്ടെത്തിയ റെയിൽവേ ഭൂമിയിലൂടെ കടന്നു പോകും.  പഠനം നടക്കുന്നു.

∙തിരുവനന്തപുരം–കായംകുളം–എറണാകുളം (കോട്ടയം വഴി) മൂന്നാം പാത‌‌
160 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതയ്ക്കായി സർവേ നടത്തും. നാലാം പാതയ്ക്കുള്ള ഭൂമിയും പാലങ്ങൾക്കുള്ള സ്ഥലവും സർവേയിൽ ഉൾപ്പെടും. 
∙ തിരുവനന്തപുരം മുതൽ മംഗളൂരു വരെ നിലവിലുള്ള പാതയിൽ 130 –160 കിലോമീറ്റർ വേഗം. ലിഡാർ സർവേ കഴിഞ്ഞു. ഷൊർണൂർ– മംഗളൂരു റൂട്ടിൽ 130 കിലോമീറ്റർ വേഗം സാധ്യമാണെങ്കിലും ഷൊർണൂരിനു തെക്കോട്ട് വേഗം കൂട്ടൽ എളുപ്പമാകില്ലെന്നു സൂചന.

English Summary:

Thrissur-Thirunavaya Double Track Project: An Overview and Future Plans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com