ADVERTISEMENT

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തെത്തുന്ന ആദ്യ ചരക്കുകപ്പൽ ‘സാൻ ഫെർണാണ്ടോയെ’ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും വിഴഞ്ഞത്തു പൂർത്തിയായി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ചരക്കുകപ്പൽ തീരമണയുന്നത്. കപ്പലിനെ സ്വാഗതം ചെയ്തു പരിസരത്തെങ്ങും കമാനങ്ങൾ ഉയർന്നു. കപ്പലിനെ വരവേറ്റു നാളെ നടക്കുന്ന പൊതുസമ്മേളനത്തിനുള്ള കൂറ്റൻ പന്തലും ഒരുങ്ങി.

സാൻ ഫെർണാണ്ടോ ഇന്നലെ രാത്രി പുറംകടലിൽ എത്തി. ഇന്നു രാവിലെ 7നു ബെർത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യത്തിനു തുടക്കമാകും. തീരത്തുനിന്ന് ഏകദേശം 4 നോട്ടിക്കൽ മൈൽ അകലെയുള്ള കപ്പലിനെ പ്രത്യേകം സജ്ജീകരിച്ച ചാനലിലൂടെ ടഗുകളുടെ അകമ്പടിയോടെയാകും ബെർത്തിൽ എത്തിക്കുക. തുടർന്ന് വാട്ടർ സല്യൂട്ടും മറ്റു വരവേൽപു ചടങ്ങുകളും നടക്കും.കപ്പലിനെ ബെർത്തിലേക്ക് അടുപ്പിക്കുന്നതിനുള്ള ദൗത്യം വടക്കേ ഇന്ത്യയിൽ നിന്നുള്ള തുഷാർ കനിത്കർക്കാണ്. മലയാളി, സഹ ക്യാപ്റ്റൻ സിബി ജോർജ് ഒപ്പമുണ്ടാവും. മന്ത്രിമാരുടെ സാന്നിധ്യത്തിൽ കണ്ടെയ്നർ ഇറക്കുന്ന ജോലിക്കു തുടക്കമാവും. 

സാൻ ഫെർണാണ്ടോയിൽ മലയാളിയായ പ്രജീഷ് ഗോവിന്ദരാജ് അടക്കം 5 ഇന്ത്യക്കാരുണ്ടെന്നു സൂചന. റഷ്യക്കാരനായ വ്ലാഡിമർ ബോണ്ടാരങ്കോ ക്യാപ്റ്റനായ കപ്പലിലെ ക്രൂവിൽ ആകെ 22 പേരുണ്ട്. കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്തും പുറം കടലിലും സുരക്ഷാ നിരീക്ഷണം അതിശക്തമാണ്. കരയിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1,500 പൊലീസ് സേനാംഗങ്ങളുൾപ്പെട്ട സുരക്ഷാ സംവിധാനവും ഉണ്ട്. തുറമുഖത്ത് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘങ്ങളും ഉണ്ടാവും. വിഴിഞ്ഞത്തെത്തുന്ന കപ്പലിനായി ആഴിമല ക്ഷേത്രത്തിൽ പ്രത്യേക ആരതി ഉഴിയും. ചെണ്ടമേളം, കരിമരുന്നു പ്രയോഗം എന്നിവയുമുണ്ട്.

‘വിഴിഞ്ഞം’ ആരുടെ  കുഞ്ഞ്: തർക്കം; പ്രതിപക്ഷ നേതാവിനെ  ക്ഷണിക്കാത്തതു പരിശോധിക്കും
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാർഥ്യമായതിലെ ‘ക്രെഡിറ്റ്’ ആർക്കെന്നതിനെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷ–പ്രതിപക്ഷ തർക്കം. തുറമുഖത്തിന്റെ ഓരോ ചുവടുവയ്പിലും ഉമ്മൻ ചാണ്ടിയെ സ്മരിക്കാതെ മുന്നോട്ടുപോകാൻ ആർക്കുമാകില്ലെന്ന് എം.വിൻസന്റ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ട്രയൽ റൺ ഉദ്ഘാടനച്ചടങ്ങിലേക്കു ക്ഷണിക്കാത്തതിനെ അദ്ദേഹം വിമർശിച്ചു.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു മന്ത്രി സജി ചെറിയാനോടു ഉപചോദ്യം ഉന്നയിക്കുമ്പോൾ കടകംപള്ളി സുരേന്ദ്രനാണു  പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ‘എൽഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയപ്പോൾ ചിലർ പാരവയ്ക്കാനും വേല വയ്ക്കാനും നോക്കി’ എന്നായിരുന്നു കടകംപള്ളിയുടെ പരാമർശം.  പദ്ധതിയുടെ എല്ലാ ഘട്ടത്തിലും എൽഡിഎഫ് സർക്കാരുമായി യുഡിഎഫ് സഹകരിച്ചിട്ടുണ്ടെന്നു വിൻസന്റ് കടകംപള്ളിക്കു മറുപടി നൽകി. ‘കടകംപള്ളി പറഞ്ഞതു കുറ്റബോധം കൊണ്ടാണ്. 

ഞങ്ങളുടെ കുഞ്ഞായതിനാൽ ഞങ്ങൾ ഇനിയും സഹകരിക്കും. എന്നാൽ, മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആറു സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന ട്രയൽ റൺ ഉദ്ഘാടനത്തിനു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധമുണ്ട്’. വിൻസന്റ് പറഞ്ഞു.

യുഡിഎഫ് സർക്കാർ തുറമുഖ നിർമാണത്തിനു കരാർ വച്ചുവെന്നതു സത്യമാണെങ്കിലും പിണറായി സർക്കാരാണു തുക മുഴുവൻ ചെലവിട്ടതെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. ക്രെയിനുമായി കപ്പൽ വന്നപ്പോൾ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നു. ഈ ചടങ്ങിനു ക്ഷണിക്കാതിരുന്നതു പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണു പദ്ധതിക്കു തുടക്കം കുറിച്ചത് എന്ന വാദം ശരിയല്ലെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇ.കെ.നായനാരുടെ കാലത്താണു തുറമുഖത്തിന്റെ സാധ്യത പഠിക്കാൻ സമിതിയെ വച്ചത്. 

എ.കെ.ആന്റണിയുടെ കാലത്തു ടെൻഡർ വിളിച്ചെങ്കിലും കരാർ നൽകിയില്ല. പിന്നീട് വിഎസ് സർക്കാരിന്റെ കാലത്തു ഫയൽ വീണ്ടും തുറക്കുകയും ടെൻഡർ ചെയ്യുകയുമായിരുന്നു. ഇതിനുശേഷമാണ് ഉമ്മൻ ചാണ്ടി സർക്കാർ കരാർ വച്ചതെന്നും വാസവൻ പറഞ്ഞു. കഴിഞ്ഞവർഷം ക്രെയിനുമായെത്തിയ ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലും പദ്ധതിയുടെ ‘ക്രെഡിറ്റ്’ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.ശിവൻകുട്ടി, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ശശി തരൂർ എംപി എന്നിവരാണു സ്വന്തം സർക്കാരുകളുടെ അവകാശം വേദിയിൽ ഉന്നയിച്ചത്.

കടലിൽനിന്ന് കരയിലേക്ക്: എല്ലാം ഓട്ടമേറ്റഡ് 
വിഴിഞ്ഞം ∙ പൂർണമായും ഓട്ടമേറ്റഡ് സംവിധാനത്തിലാണു വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നത്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പൂർണ സജ്ജമായി. ആദ്യ ചരക്കു കപ്പലിൽനിന്നു ‘ഷിപ് ടു ഷോർ ക്രെയിനുകൾ’ ഉയർത്തുന്ന കണ്ടെയ്നറുകൾ ഇന്റർ ട്രാൻസിസ്റ്റ് വെഹിക്കിളുകൾ(ഐടിവി) വഴി ട്രെയിലറുകളിലേക്ക് എത്തും.  ഈ ട്രെയ്‌ലറുകൾ നിശ്ചിത ട്രാക്കിലൂടെ നീങ്ങി യാർഡ് ക്രെയിനുകൾക്ക് അരികിൽ എത്തിച്ചേരും. യാർഡ് ക്രെയിൻ ഇവയെ ഉയർത്തി നിശ്ചിത സ്ഥാനത്ത് എത്തിക്കും.

ഇതിനായി 28 ട്രെയിലറുകൾ സജ്ജമാക്കി. കപ്പലിൽനിന്നു കണ്ടെയ്നറുകൾ എസ്ടിഎസ് ക്രെയിനുകൾ ഉയർത്തുന്നതിനു മുൻപുള്ള ദൗത്യം നിർവഹിക്കുന്നതിനു പരിശീലനം ലഭിച്ച ‘ലാഷേഴ്സ്മാരുണ്ടാകും’. പിഒബി എന്നറിയുന്ന പോർട് ഓപറേഷൻ മന്ദിരത്തിലെ കൺട്രോൾ റൂമിൽ നിന്നാവും നിയന്ത്രണം. ആദ്യ ഘട്ടത്തിൽ കണ്ടെയ്നറുകൾ ഇറക്കുന്നതിനു ഷിപ് ടു ഷോർ ക്രെയിനുകളാവും. 8 എസ്ടിഎസ് ക്രെയിനുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കപ്പലുകളുടെ എണ്ണം വർധിക്കുന്നതോടെ മുഴുവൻ എസ്ടിഎസുകളെയും ദൗത്യത്തിനായി ഉപയോഗിക്കും. ഒരേസമയം 35,000 കണ്ടെയ്നറുകൾ സൂക്ഷിക്കാനുള്ള യാർഡ് സംവിധാനമാണ് സജ്ജമായത്. നാളെ ഇറക്കുന്നത് 2,000 കണ്ടെയ്നറുകൾ മാത്രം.ൊ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com