അയിരൂർ പൊലീസ് സ്റ്റേഷന് പഴകിയ ജീപ്പ്; ആൾബലവുമില്ല

Mail This Article
ഇലകമൺ∙അയിരൂർ പൊലീസ് സ്റ്റേഷൻ കെട്ടിട നിലവാരം ഉയർത്താനും പൊലീസ് ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കാനും നടപടി ഇല്ലെന്ന് ആക്ഷേപം. കേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയും ഉയരുന്നുണ്ട്. പ്രശ്ന സാധ്യത ഏറിയ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് സ്റ്റേഷൻ പരിധി. ഇടവ, ഇലകമൺ, ചെമ്മരുതി പഞ്ചായത്തുകൾ ഉൾപ്പെട്ട മേഖലയിൽ മാസം 40 കേസുകൾ ശരാശരി റജിസ്റ്റർ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. അതിനു പുറമേയാണ് പോക്സോ കേസുകൾ. വർക്കല പൊലീസ് സ്റ്റേഷൻ 2012ൽ വിഭജിച്ചാണ് അയിരൂർ സ്റ്റേഷൻ രൂപീകരിച്ചത്. നിലവിൽ വർക്കല സ്റ്റേഷൻ അംഗബലം 59 ആണെങ്കിൽ അതേ സ്ഥല വിസ്തൃതി കൈകാര്യം ചെയ്യുന്ന അയിരൂരിൽ വെറും 21 പേർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്.
എസ്എച്ച്ഒ, എസ്ഐ, എഎസ്ഐ എന്നിവർക്ക് പുറമേ എസ്‌സിപിഒ-3, സിപിഒ-12, വിമൻ സിപിഒ-3 എന്ന രൂപത്തിലാണ് അംഗബലം. 21 പേരിൽ പലർക്കും നിശ്ചിത ഡ്യൂട്ടി ദിവസവും പകുത്തു നൽകും. ജിഡി ചാർജ്, കോടതി, പരാതികൾ സ്വീകരിക്കൽ, പിആർഒ ഡ്യൂട്ടി, ഹൈവേ പട്രോളിങ് ഇതെല്ലാം നോക്കി വരുന്നവർക്ക് കേസന്വേഷണത്തിന് സമയം തികയില്ല. അതോടെ പ്രധാനപ്പെട്ട പല കേസുകളുടെയും അന്വേഷണം മന്ദഗതിയിൽ ആകും. അതോടെ പരിധിയിലെ ക്രമസമാധാന പാലനവും പ്രതിസന്ധിയാകും. മാത്രമല്ല, മതിയായ അവധിയോ വിശ്രമമോ ഇല്ലാതെ ജോലി ചെയ്യുന്നതും പൊലീസുകാർക്ക് ഇടയിൽ മാനസിക സംഘർഷവും അതൃപ്തിയും ഉയരുന്നുണ്ട്.2012 അയിരൂർ -പാരിപ്പള്ളി റോഡിൽ അയിരൂർ ജംക്‌ഷന് സമീപം ആരംഭിച്ച സ്റ്റേഷൻ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിന്ന് തിരിയാൻ പോലും സ്ഥലമില്ലാത്ത കെട്ടിടത്തിന് പകരം പുതിയത് പണിയാനുള്ള നടപടികൾ തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. ഓടി തളർന്നു കാലാവധി കഴിഞ്ഞ ജീപ്പ് കട്ടപ്പുറത്തു കയറി. പകരം ഓടുന്നത് ഒരു പഴയ വാഹനമാണ്.