ഭക്ഷണം നൽകുന്നതിനിടെ നഴ്സ് തോമസിനോടു പറഞ്ഞു: ‘അച്ചായന് ഇനി അമ്പൂരിയിൽ ആരുമില്ല’

Mail This Article
തിരുവനന്തപുരം ∙ അമ്പൂരി കുരിശുമലയിൽനിന്നു കുതിച്ചുവന്ന ഉരുൾപൊട്ടലിൽ 39 ജീവനുകൾ അലിഞ്ഞു ചേർന്നതിന്റെ ഓർമകൾ ഇന്നും നാടിന്റെയുള്ളിൽനിന്ന് ഒലിച്ചു പോയിട്ടില്ല. കേരളമാകെയും കാലവും ഒത്തുനിന്നപ്പോൾ ഓർമകളെ ഉള്ളിലൊതുക്കി അവർ പുതിയ ജീവിതം നെയ്തു. ഇപ്പോൾ ചിരിക്കാറുണ്ട് അവർ, ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന വേദനയെ ഒതുക്കി. മാഞ്ഞുപോയ മണ്ണിനുമേൽ പുതിയ പച്ചപ്പുകൾ വന്നു. പക്ഷേ, മറഞ്ഞുപോയ മനുഷ്യർ സൃഷ്ടിച്ച ദുഃഖം ഇപ്പോഴും തളംകെട്ടി നിൽക്കുന്നുണ്ട്.
കനത്ത മഴ തുടരുന്നതിന്റെ മൂന്നാം നാളായിരുന്നു 2001 നവംബർ ഒന്നിന്റെ രാത്രി. പൂച്ചമുക്കിനു സമീപം ചിറയ്ക്കത്തൊടി വീട്ടിൽ സി.ഡി.തോമസിന്റെ മകൻ ബിനുവിന്റെ മനസമ്മതമായിരുന്നു പിറ്റേന്ന്. പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ, എടത്വ എന്നിവിടങ്ങളിൽ തോമസിന്റെ ഭാര്യ ലീലാമ്മയ്ക്കു ബന്ധുക്കളുണ്ട്. അവരെല്ലാം തലേന്നു ചിറയ്ക്കത്തൊടിയിൽ എത്തി. വല്ലപ്പോഴും കാണുന്ന ബന്ധുക്കൾ. തോരാത്ത വർത്തമാനമായിരുന്നു വീട്ടിൽ.
തോരാത്ത മഴയും നോക്കി ഇരിക്കുകയായിരുന്നു തോമസും സഹോദരനും എക്സൈസ് ഇൻസ്പെക്ടറുമായ സെബാസ്റ്റ്യനും. വർത്തമാനം തുടരുന്നതിനിടെ ആകാശം അടർന്നു വീഴുകയാണോയെന്നു തോന്നുന്ന, ഉച്ചത്തിലൊരു ശബ്ദം. കുരിശുമലയിൽ നിന്നെത്തിയ ദുരന്തത്തിന്റെ ഉരുളുകൾ 4 വീടുകളെ തകർത്തെറിഞ്ഞു. ഉള്ളിലുണ്ടായിരുന്ന ഉയിരുകളെയും.
രക്ഷാപ്രവർത്തകർ എത്തിയപ്പോൾ കണ്ടതു മരിച്ചതും മരവിച്ചതുമായ ശരീരങ്ങൾ. തകർന്നു വീണ വീടിന്റെ തൂണിനടിയിലായിരുന്നു തോമസ്. ഓർമയില്ല, ശ്വാസമുണ്ട്. രക്ഷാപ്രവർത്തകർ തോമസിനെ ആംബുലൻസിൽ എത്തിച്ചു. മരിച്ചു മണ്ണിൽ മറഞ്ഞവരെ പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മൂന്നാം ദിവസം തോമസിനു ബോധം വീണു. ചുറ്റും നോക്കി. തന്നെ കാണാൻ ലീലാമ്മയും മക്കളായ ബീനയും ബിജിയും ബിനുവും വന്നില്ലേ! മരുമകൻ റോമി എവിടെ? അസ്വസ്ഥതയോടെ കിടന്ന തോമസ് പിന്നീട് ഓർത്തു, ‘താൻ എപ്പോഴാണ് ആശുപത്രിയിൽ എത്തിയത്?’
നാട്ടുകാരി കൂടിയായ നഴ്സ് നാലാം ദിവസം അടുത്തു വന്നിരുന്നു. ഭക്ഷണം തരുന്നതിനിടെ തോമസിനോടു പറഞ്ഞു, ‘അച്ചായന് ഇനി അമ്പൂരിയിൽ ആരുമില്ല.’ ഫൊറോന പള്ളിയിൽ നടന്ന പ്രാർഥനയിൽ ഉരുളിൽ മരിച്ച 39 പേർക്കായി ഉള്ളുരുകി പ്രാർഥിക്കുകയായിരുന്നു അപ്പോൾ ബന്ധുക്കൾ.
രണ്ടു മാസത്തോളം തോമസ് ആശുപത്രിയിലായിരുന്നു. മനസ്സിലും ശരീരത്തിലുമാകെ മുറിവുകൾ. നാട്ടിലേക്കു വന്ന തോമസിനു ജീവിക്കാൻ മാർഗമില്ല, കിടക്കാൻ വീടും. തന്റെ കുടുംബത്തിലെ 22 പേരുടെ പ്രാണൻ കളിചിരികൾക്കിടെ മറഞ്ഞതിനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ തോമസിന്റെ നിലതെറ്റി. സർക്കാരും പള്ളി അധികൃതരുമൊക്കെ ഒരുക്കിയ തണലിൽ കഴിഞ്ഞ തോമസ്, തന്നെ മാത്രം അവശേഷിപ്പിച്ച വിധിയെ പഴിച്ചു. കൗൺസലിങ്ങും ആശ്വാസ വാക്കുകളും പുതിയൊരു തോമസിനെ സൃഷ്ടിച്ചു.
വീടു പൂർണമായും തകർന്നിരുന്നു. മലയിൽനിന്ന് അടർന്നെത്തിയ കുറെ കരിങ്കല്ലുകൾ മാത്രമേ അവിടെയുള്ളൂ. തോമസിന്റെ വീടിരുന്നതിനു താഴെയെത്തി തോണിയിൽ പോയാൽ അക്കരെയുള്ള ആദിവാസി മേഖലയിൽ എത്താം. തോണിയിൽ കയറാൻ വരുന്നവർക്ക് എന്തെങ്കിലും അസുഖം വന്നാൽ, രാത്രി പിച്ചും പേയും പറഞ്ഞാൽ പിറ്റേന്നു തോമസിന്റെ വീടിരുന്ന സ്ഥലത്തെ പാറകളിൽ വിളക്കു വയ്ക്കും. ഭയത്തിന്റെ ഇരുളകറ്റാനുള്ള വെളിച്ചം.
ആ ഭയത്തെ കെടുത്തണം. കലങ്ങിമറിഞ്ഞു കാണാതായ വീടിരുന്നിടത്തു തന്നെ വീടു നിർമിക്കാൻ പുതിയ തോമസ് തീരുമാനിച്ചു. ആദ്യമൊക്കെ പലരും എതിർത്തു, ഭാവിയിലും അപകടം ഉണ്ടാകാമെന്ന ഓർമപ്പെടുത്തലോടെ. തനിക്ക് ഇനിയെന്തു വരാനുണ്ടെന്ന ചോദ്യവുമായി തോമസ് അതിനെയൊക്കെ നേരിട്ടപ്പോൾ മെല്ലെ വീടുയർന്നു.
ഇപ്പോൾ തോമസ് മാത്രമല്ല, പങ്കാളിയായി മേഴ്സിയും ഉണ്ട്. കുടുംബത്തിന്റെ ചിത്രം നോക്കി ഒരു നിമിഷം നിന്ന തോമസ് പറഞ്ഞു, ‘ദുരന്ത വാർത്തകൾ എനിക്കു താങ്ങാനാവില്ല ഇപ്പോൾ. ആ രാത്രി ഞാൻ ഉറങ്ങാതെ അസ്വസ്ഥനാകും. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ ദിവസവും ഞാൻ ഉറങ്ങിയില്ല. എവിടെ ഉരുൾ പൊട്ടിയെന്നു കേട്ടാലും ആ ഉരുളെല്ലാം എന്റെ നെഞ്ചിൽ കലങ്ങി മറിയുന്നതുപോലെ അനുഭവപ്പെടും.’