രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള ‘വസുധൈവ കുടുംബകം’ മികച്ച ലോങ് ഡോക്യുമെന്ററി

Mail This Article
തിരുവനന്തപുരം∙ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയിൽ ആനന്ദ് പട്‌വർധന്റെ ‘വസുധൈവ കുടുംബകം’ മികച്ച ലോങ് ഡോക്യുമെന്ററി. സമ്മാനത്തുകയായ 2 ലക്ഷം രൂപ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുന്നതായി ആനന്ദ് പട്‌വർധൻ അറിയിച്ചു. ഇന്ത്യൻ ജാതി വ്യവസ്ഥയ്‌ക്കെതിരായ കാഴ്ചപ്പാട് പങ്കു വയ്ക്കുന്ന ചിത്രത്തിന് ഓസ്കർ നോമിനേഷനും ലഭിച്ചു. മികച്ച ചിത്ര സംയോജനത്തിനുള്ള ‘കുമാർ ടാക്കീസ്’ പുരസ്കാരവും ഇതിനാണ്. ഈ തുകയും (20,000) ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.
രണജിത് റേ സംവിധാനം ചെയ്ത ‘ഡോൾസ് ഡോൺഡ് ഡൈ’ രണ്ടാം സ്ഥാനം നേടി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ലഭിച്ചു. നിഷിത ജയിൻ, ആകാശ് ബസുമാതാരി എന്നിവർ ഒരുക്കിയ ‘ഫാമിങ് ദ റവല്യൂഷൻ’ പ്രത്യേക ജൂറി പരാമർശം നേടി. ‘പിക്ചറിങ് ലൈഫ്’ എന്ന ഡോക്യുമെന്ററിയുടെ ശബ്ദലേഖനം നിർവഹിച്ച ദിവ്യം ജയിൻ മികച്ച ശബ്ദലേഖകനായി. കെ.വിശ്വാസ് സംവിധാനം ചെയ്ത ‘വാട്ടർമാൻ’ ആണ് മികച്ച ഹ്രസ്വചിത്രം. ശിവം ശങ്കർ സംവിധാനം ചെയ്ത ‘ഗോട്ട് ഗോട്ട് ഗോസ്റ്റ്’ രണ്ടാം സ്ഥാനം നേടി. ‘ജാൽ’ പ്രത്യേക ജൂറി പരാമർശം നേടി.
ഫെബിൻ മാർട്ടിന്റെ ‘ഹിതം’ മികച്ച ക്യാംപസ് ചിത്രമായി. പ്രമോദ് സച്ചിദാനന്ദന്റെ ‘മട്ടൻ കട്ടർ’ പ്രത്യേക ജൂറി പരാമർശം നേടി. റിതം ചക്രവർത്തിയുടെ ‘സാൽവേഷൻ ഡ്രീമാ’ണ് മികച്ച ഷോർട്ട് ഡോക്യുമെന്ററി. മികച്ച ഛായാഗ്രഹണം, ശബ്ദലേഖനം എന്നിവയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ‘പി ഫോർ പാപ്പരാസി’ എന്ന ചിത്രത്തിന്റെ എഡിറ്റർ പ്രണവ് പാട്ടീൽ ഈ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം നേടി. പ്രാചി ബജാനിയ സംവിധാനം ചെയ്ത ‘ഉമ്പ്രോ’യ്ക്കാണ് രണ്ടാം സ്ഥാനം. സൗമ്യജിത് ഘോഷ് ദസ്തിദർ സംവിധാനം ചെയ്ത ‘ഫ്ലവറിങ് മാൻ’ ജൂറി പരാമർശത്തിന് അർഹമായി. സമകാലിക ലോകത്തിന്റെ നേർക്കാഴ്ചകൾ സാധ്യമാക്കിയ ഒട്ടേറെ വിദേശ ചിത്രങ്ങളുടെ സാന്നിധ്യമായിരുന്നു മേളയുടെ പ്രത്യേകതയെന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പറഞ്ഞു.