തിരുവനന്തപുരം ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
സംവരണ സീറ്റുകളിലേക്ക് സ്പോട് അലോട്മെന്റ്: തിരുവനന്തപുരം ∙ കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യുഐടി, ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്‍സി, എസ്ടി സംവരണ സീറ്റുകളിലേക്ക് നിയമനത്തിന് മേഖലാ തലത്തിൽ സ്പോട് അലോട്മെന്റ് നടത്തുന്നു.
തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്കുള്ള സ്പോട് അലോട്മെന്റ് ഇന്ന് കേരള സർവകലാശാല പാളയം ക്യാംപസിലെ സെനറ്റ് ഹാളിലും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളജുകളിലേക്കുള്ള സ്പോട് അലോട്മെന്റ് നാളെ കൊല്ലം എസ്എൻ കോളജിലും രാവിലെ 10ന് നടത്തും.
അധ്യാപക ഒഴിവ്
നെടുമങ്ങാട്∙ മഞ്ച ഗവ വിഎച്ച്എസ്എസിലെ വിഎച്ച്എസ്ഇ വിഭാഗം താൽക്കാലിക എന്റർപ്രണർ ഡവലപ്മെന്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ രാവിലെ 11ന് നടക്കും.
പ്രതിരോധ കുത്തിവയ്പ് 5ന്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗ–ചർമ മുഴ പ്രതിരോധ കുത്തിവയ്പ് അഞ്ചിലേക്ക് മാറ്റി. 5 മുതൽ അടുത്ത 30 പ്രവൃത്തി ദിവസത്തേക്കാണ് കുത്തിവയ്പ്. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് അഞ്ചാംഘട്ടവും ചർമമുഴ രോഗ പ്രതിരോധ കുത്തിവയ്പ് രണ്ടാം ഘട്ടവുമാണ് നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് കുത്തിവയ്പ് മാറ്റി വച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കുത്തിവയ്പ് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ മൃഗാശുപത്രികളിൽ നിന്നു ലഭിക്കും.
ശാസ്ത്ര സാഹിത്യ പുരസ്‌കാരം; അപേക്ഷിക്കാം
തിരുവനന്തപുരം ∙ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിർദേശങ്ങൾ ക്ഷണിച്ചു. അപേക്ഷ ഫോമും നിബന്ധനകളും www.kscste.kerala.gov.in എന്ന വെബ് സൈറ്റിൽ. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. ഫോൺ: 0471 2548218.
ക്ഷീര പദ്ധതികൾ; 5 വരെഅപേക്ഷിക്കാം
തിരുവനന്തപുരം ∙ സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ 2024–25ലെ വിവിധ പദ്ധതികൾക്ക് ക്ഷീരശ്രീ പോർട്ടൽ മുഖേന അപേക്ഷിക്കാനുള്ള അവസാന തീയതി 5 വരെ നീട്ടി. വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ(www.ksheerasree.kerala.gov.in)മുഖേന റജിസ്റ്റർ ചെയ്താണ് അപേക്ഷിക്കേണ്ടത്. മഴക്കെടുതിയെ തുടർന്നാണ് തീയതി നീട്ടിയത്.
വൈദ്യുതി മുടക്കം
തക്കല∙ വൈദ്യുതി സബ്–സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 3ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ മണലി, തക്കല, പത്മനാഭപുരം, കുമാര കോവിൽ, വില്ലുക്കുറി, പുലിയൂർക്കുറിച്ചി, അപ്പട്ടുവിള, പരശ്ശേരി, ആളൂർ, വീരാണി, തോട്ടിയോട്, കേരളപുരം, തിരുവിതാംകോട്, വട്ടം, അഴകിയമണ്ഡപം, മുളകുമൂട്, വെള്ളികോട്, കാട്ടാത്തുറൈ, സ്വാമിയാർമഠം, മൂലച്ചൽ, മേക്കാമണ്ഡപം, മണലിക്കര, കുമാരപുരം, പെരുഞ്ചിലമ്പ്, മുട്ടയ്ക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അങ്കണവാടിയിൽ ഹെൽപർ ഒഴിവ്
മലയിൻകീഴ് ∙ പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവിനുള്ള അപേക്ഷകൾ നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തെ ശിശുവികസന പദ്ധതി ഓഫിസിൽ 18ന് മുൻപ് സമർപ്പിക്കണം. മലയിൻകീഴ് പഞ്ചായത്തിലെ സ്ഥിര താമസക്കാരാവണം അപേക്ഷകർ. ഫോൺ : 04712280689