കുട്ടികൾ കണ്ടു;ജീവൻ തുടിക്കും കഥാപാത്രങ്ങൾ

Mail This Article
വിതുര∙ പത്താം ക്ലാസിലെ ഇംഗ്ലിഷ് പാഠപുസ്തകത്തിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ദി സ്നേക്ക് ആൻഡ് ദി മിറർ’ എന്ന കഥ കഴിഞ്ഞ അധ്യയന വർഷം വരെ അധ്യാപകർ പഠിപ്പിച്ചിരുന്നത് വായിച്ചും അതിന്റെ അർഥം പറഞ്ഞു കൊടുത്തും ആയിരുന്നു. എന്നാൽ ഇക്കുറി എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ചിത്രങ്ങളും ദൃശ്യങ്ങളും കുട്ടികൾ തന്നെ സൃഷ്ടിച്ചതോടെ ഇംഗ്ലിഷ് പഠനം കൂടുതൽ ആകർഷകവും സർഗാത്മകവുമായി. വിതുര ഗവ. വിഎച്ച്എസ്എസിലെ കുട്ടികളാണ് തങ്ങളുടെ പഠനം വേറിട്ട അനുഭവമാക്കി മാറ്റിയത്.
നൂതന വിദ്യാഭ്യാസ രംഗം കൂടുതൽ ലളിതമാക്കാൻ അവലംബിക്കുന്ന സ്റ്റെം വിദ്യാഭ്യാസ സമ്പ്രദായ രീതികളെ അടിസ്ഥാനമാക്കിയാണ് പദ്ധതിക്കു രൂപം നൽകിയത്. വിദ്യാർഥികളെ വിവിധ ഗ്രൂപ്പുകളാക്കി പാഠഭാഗം പല ഭാഗങ്ങളാക്കി കുട്ടികൾ വിഭജിച്ചു നൽകിയ ശേഷമാണ് പൂർണമായും എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രങ്ങളും ദൃശ്യങ്ങളും ജനറേറ്റ് ചെയ്യുകയായിരുന്നു.
ഓരോ ഗ്രൂപ്പും അവർക്കു ലഭിച്ച പാഠ ഭാഗത്തിന്റെ ആത്മാവ് ചോരാതെ നിർദേശങ്ങൾ എഐ ആപ്ലിക്കേഷനുകളിലേക്ക് ഇൻസേർട്ട് ചെയ്ത ശേഷം ലഭിച്ച ചിത്രങ്ങളെയും ദൃശ്യങ്ങളെയും അപ്ഗ്രേഡ് ചെയ്താണ് പഠനത്തിനായി ഉപയോഗിച്ചത്. കഥാപാത്രങ്ങളുടെ രൂപവും ഭാവവും ഉൾപ്പെടെ നേരിട്ട് കണ്ട് മനസ്സിലാക്കി പഠിക്കുന്നത് കൂടുതൽ രസകരമായി അനുഭവപ്പെട്ടതായി വിദ്യാർഥി പ്രതിനിധി എസ്.റസ്സൽ പറഞ്ഞു.വിദ്യാർഥികൾ തയാറാക്കിയ എഐ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തി ‘ടെക് ടെയിൽസ് ഓഫ് ബഷീർ’ എന്ന പേരിൽ സ്കൂളിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് ഇംഗ്ലിഷ് അധ്യാപകൻ കെ.അൻവർ പറഞ്ഞു.