അറ്റകുറ്റപ്പണി: ഒരു മാസം ജലവിതരണം നിർത്താൻ തീരുമാനം; വ്യാപക എതിർപ്പ്

Mail This Article
ചിറയിൻകീഴ്∙ തീരദേശ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിലടക്കം ഒരുമാസത്തേക്കു ജലവിതരണം പൂർണമായി നിർത്തിവയ്ക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധം . അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിൽ പൂർണമായും മണമ്പൂർ, അഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളിൽ ഭാഗികമായും ജലവിതരണം മുടങ്ങും. നിയന്ത്രണം ഇന്നലെ മുതൽ ആരംഭിച്ചിരിക്കെ ബദൽ സംവിധാനമൊരുക്കാൻ ഒരു നടപടിയും ഉണ്ടാവാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു. വേണ്ടത്ര മുൻകരുതലുകൾ എടുക്കാതെ, പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനമാണു ജലഅതോറിറ്റിയുടെ ആറ്റിങ്ങൽ ഡിവിഷന്റേതെന്ന് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി. ഘട്ടംഘട്ടമായോ ജലവിതരണത്തിനു ബദൽ നടപടി നടപ്പാക്കിയ ശേഷമോ മാത്രമേ ജലവിതരണം നിർത്താൻ നടപടിയെടുക്കാവൂ എന്നാണ് ആവശ്യം.
ആറ്റിങ്ങൽ വലിയകുന്നിൽ സ്ഥിതി ചെയ്യുന്ന 33.5ലക്ഷം ലീറ്റർ ശേഷിയുള്ള ഉപരിതല സംഭരണിയുടെ അറ്റകുറ്റപ്പണികളുടെയും പുതിയതായി സ്ഥാപിക്കുന്ന 500 എംഎം ഡിഐ വിതരണക്കുഴൽ ജലസംഭരണിയുമായി കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തികളുടെയും ഭാഗമായാണു ഓഗസ്റ്റ് 31 വരെ ഒരുമാസം ജലവിതരണം നിർത്താൽ തീരുമാനം. പഞ്ചായത്തുകളിൽ നിന്നു മറ്റു പ്രദേശങ്ങളിലേക്കു ലഭ്യമാവുന്ന ജലവിതരണത്തിനും നിയന്ത്രണമുണ്ടാവുമെന്നു ജലഅതോറിറ്റി ആറ്റിങ്ങൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ അറിയിപ്പിൽ പറയുന്നു. തീരദേശ ഗ്രാമപ്പഞ്ചായത്തു പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ ജലഅതോറിറ്റിയുടെ നേതൃത്വത്തിലോ ഗ്രാമപഞ്ചായത്ത് അധികൃതർ മുൻകൈയ്യെടുത്തോ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
പ്രതിഷേധിച്ച് സിപിഎം; പകരം സംവിധാനം ഒരുക്കാമെന്ന് ഉറപ്പ്
ആറ്റിങ്ങൽ∙ അറ്റകുറ്റപ്പണികൾക്കും ഇന്റർ ലിങ്കിനുമായി പമ്പിങ് ഒരു മാസത്തോളം നിർത്തി വയ്ക്കുമെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി വാട്ടർ അതോറിറ്റി ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. സമരക്കാരുമായി നടത്തിയ ചർച്ചയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് വെള്ളമെത്തിക്കാൻ പകരം സംവിധാനം ഒരുക്കാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു , അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്.പ്രവീൺ ചന്ദ്ര, ലിജ ബോസ് സ്റ്റീഫൻ ലൂയിസ്, സജി സുന്ദർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.