ആർസിസിയിൽ പൊതിച്ചോർ കൗണ്ടർ തുറന്ന് ജയിൽ വകുപ്പ്

Mail This Article
തിരുവനന്തപുരം ∙ ജയിൽ വകുപ്പിന്റെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്നുള്ള പൊതിച്ചോറ് വിതരണം റീജനൽ കാൻസർ സെന്ററിൽ (ആർസിസി) തുടങ്ങി. വിതരണ ഉദ്ഘാടനം ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ആർസിസി ഡയറക്ടർ ഡോ. രേഖ എ.നായർക്ക് നൽകി നിർവഹിച്ചു. ആർസിസി ഡപ്യൂട്ടി ഡയറക്ടർ ഡോ. സജാദ്, ദക്ഷിണ മേഖല ജയിൽ ഡിഐജി ഡി.സത്യരാജ്, സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്.സജീവ്, സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് പി.എം.നരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ആർസിസിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും കുറഞ്ഞ നിരക്കിൽ ഉച്ചയൂണ് വിതരണം ചെയ്യുകയാണ് ലക്ഷ്യം.
മൂന്നു കൗണ്ടറുകളാണുള്ളത്. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഇവ പ്രവർത്തിക്കും. തുടക്കത്തിൽ 500 പൊതിച്ചോറുകൾ 45 രൂപ നിരക്കിൽ വിതരണം ചെയ്യും. പൂജപ്പുര സ്പെഷൽ സബ് ജയിൽ അധികൃതർക്കാണ് വിതരണ ചുമതല. ജയിൽ വകുപ്പിൽ നിന്നുള്ള പ്രഭാത ഭക്ഷണം, ബിരിയാണി, ചിക്കൻകറി, ചായ, ലഘു ഭക്ഷണം, ശീതള പാനീയം തുടങ്ങിയവയും ലഭ്യമാണ്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് പ്രവർത്തന സമയം.