പാലം പൊളിഞ്ഞാലും ആരും കുലുങ്ങില്ല...! പാപനാശത്തേക്കുള്ള തോടിനു കുറുകെയുള്ള നടപ്പാലത്തിന്റെ കൈവരി തകർന്നു

Mail This Article
വർക്കല∙ പാപനാശം തീരത്തേക്കു ഒഴുകുന്ന തോടിന് കുറുകെയുള്ള നടപ്പാലം ദ്രവിച്ചു അപകടാവസ്ഥയിലായി. കർക്കടക വാവിനു പതിനായിരങ്ങൾ കടന്നുവരുന്ന വേളയിലും നടപ്പാലത്തിന്റെ ഒരു വശത്തെ കൈവരി തകർന്നു കിടക്കുകയാണ്. ഇരുമ്പ് ഫ്രെയിമിൽ തീർത്ത പാലത്തിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്തു. പാപനാശം ഭാഗത്തു നിന്നു മെയിൻ ബീച്ചിലേക്കുള്ള കടക്കാനുള്ള വഴിയാണിത്. അല്ലെങ്കിൽ തീരത്തേക്ക് ഒഴുകുന്ന തോടിലെ മലിന ജലത്തിലിറങ്ങി അപ്പുറത്തേക്കു കടക്കണം.
തീരം ചേർന്നു പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളിലെയും ഡ്രെയ്നേജ് ഈ തോടിലേക്കു ഒഴുക്കുന്നുവെന്ന പരാതി നേരെത്തേ തന്നെ വ്യാപകമാണ്. ഏതാനും വർഷം മുൻപ് ടൂറിസം വകുപ്പാണ് ഏകദേശം 15 മീറ്റർ നീളവും രണ്ട‌് മീറ്ററോളം വീതിയുള്ള ഇരുമ്പുപാലം നിർമിച്ചത്. ഉപ്പു കാറ്റ് നിരന്തരം ഏൽക്കുന്നത് പ്രതിരോധിക്കാൻ സംരക്ഷണം ഒരുക്കാത്തതും പാലം പെട്ടെന്നു ദ്രവിച്ചുപോകുന്നതിനു കാരണമായി. രാത്രി ആളുകൾ തോട്ടിലേക്കു വീഴാനും സാധ്യതയേറെ.