ജലവിതരണം പത്തുദിവസമായിട്ടും പുനഃസ്ഥാപിച്ചില്ല; ഉപരോധം നടത്തി നാട്ടുകാർ
Mail This Article
തിരുവനന്തപുരം∙ ശുദ്ധജല വിതരണം മുടങ്ങി പത്തുദിവസമായിട്ടും ജലവിതരണം പുനസ്ഥാപിക്കാത്തതിന് എതിരെ സിപിഎം കൗൺസിലർമാരുടെ നേതൃത്വത്തിൽ രാത്രി വൻ പ്രതിഷേധം. വലിയശാല, തൈക്കാട് വാർഡുകളിലെ ആയിരത്തിലധികം വീടുകളിൽ ആണ് ശുദ്ധജലവിതരണം മുടങ്ങിയത്. മേട്ടുക്കട ജംക്‌ഷനിൽ സ്ത്രീകളടക്കം നൂറോളം പേർ പ്രതിഷേധവുമായി രംഗത്തിറങ്ങി ജലഅതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു വച്ച് റോഡ് ഉപരോധിച്ചു.
വെള്ളം കിട്ടാതെ മടങ്ങി പോകില്ലെന്ന് അറിയിച്ചു ആളുകൾ റോഡിൽ നിലയുറച്ചതോടെ സംഘർഷാവസ്ഥയായി. ഒടുവിൽ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്തെത്തി പണി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതിനൊടുവിലാണ് പ്രതിഷേധം അവസാനിച്ചത്. തൈക്കാട് കൗൺസിലർ ജി.മാധവദാസ്, വലിയശാല കൗൺസിലർ എസ്.കൃഷ്ണകുമാർ, സിപിഎം ചെന്തിട്ട ലോക്കൽകമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മേട്ടുക്കട ജംക്‌ഷൻ വരെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈൻ എത്തിയിട്ടുണ്ട്. ഇതു വലിയശാലയി ലേയ്ക്കുള്ള പഴയ ലൈനുമായി ബന്ധിപ്പിക്കുന്ന ജോലി ആരംഭിച്ചിട്ട് രണ്ടാഴ്ചയായി. പണി തീരാത്തതു കാരണം 10 ദിവസമായി പ്രദേശത്തു വെള്ളമില്ല. അടിക്കടി വെള്ളം മുടങ്ങുന്ന മേഖലയിൽ തുടർച്ചയായി 10 ദിവസം വെള്ളം കിട്ടാതായതോടെ നാട്ടുകാർ സഹികെട്ടു. വലിയശാല, മേട്ടുക്കട, തൈക്കാട് എന്നിവിടങ്ങളിൽ കഴിഞ്ഞ 4 മാസമായി കുടിവെള്ള പ്രശ്നം രൂക്ഷമാണ്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പേരിലുള്ള നിർമാണത്തിന്റെ ഭാഗമായി മാസത്തിൽ രണ്ടാഴ്ച കുടിവെള്ളം മുടങ്ങുന്നതു പതിവാണ്.
മേട്ടുക്കടയിൽ പ്രതിഷേധവുമായി എത്തിയവർ പറഞ്ഞത്: മാനവീയം വീഥി ഭാഗത്തു നിന്നു ജലഅതോറിറ്റി ആസ്ഥാന ത്തിലൂടെ കടന്നുപോകുന്ന ജലഅതോറിറ്റി പൈപ്പ് ദിവസങ്ങളായി പൊട്ടികിടക്കുകയാണ്. ഇതിനെ തുടർന്നു വെള്ളയ മ്പലത്തെ ടാങ്ക് ലോഡ് ആകുന്നില്ല. ഇതാണു മേട്ടുക്കടഭാഗത്തു വെള്ളം കിട്ടാത്തതിനു കാരണം. കുടിവെള്ളം ക്ഷാമം പരിഹരിക്കാനായാണ് മേട്ടുക്കട ജംക്ഷനിൽ പഴയ ലൈനിലേക്കു കണക്ഷൻ നൽകുന്നത്..
ഇതു ദിവസങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്. ഊരാളുങ്കൽ സൊസൈറ്റിയിലെ ജീവനക്കാരാണ് ഇവിടുത്തെ പണികൾ ചെയ്യുന്നത്. നിർമാണം വേഗത്തിലാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു. ജലഅതോറിറ്റി അധികൃതരും ഊരാളങ്കൽ സൊസൈറ്റിലെ ജീവനക്കാരും പരസ്പരം പഴിചാരുന്നതല്ലാതെ പണി വേഗത്തിൽ നടക്കുന്നില്ല. ഇന്നലത്തെ പണി കഴിഞ്ഞു സൊസൈറ്റി ജീവനക്കാർ പോകാങ്ങാൻ തുടങ്ങുമ്പോഴാണ് നാട്ടുകാർ തടഞ്ഞത്. പിന്നീട് ജലഅതോറിറ്റി ജീവനക്കാരെ വിളിച്ചുവരുത്തി ഇവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.