ADVERTISEMENT

ആര്യനാട്∙ അനിൽ കുമാറും കുടുംബാംഗങ്ങളും ഇന്നലെ ഉച്ചകഴിഞ്ഞ് കരമനയാറിന് അടുത്തുള്ള പുരയിടത്തിൽ വളമിടാൻ എത്തിയതായിരുന്നു.  ജോലി കഴിഞ്ഞ ശേഷമാണ് കടവിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ അമൽ ചുഴിയിൽപ്പെട്ടു. മുങ്ങി താഴുന്നതു കണ്ട് മറ്റുള്ളവർ രക്ഷിക്കാനിറങ്ങി. ഇതിനിടെ 3 പേരും ഒഴുക്കിൽപെട്ടു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു കൈമാറും.

അപകടം നടന്ന കരമനയാറിലെ മൂന്നാറ്റുമുക്ക് കടവിൽ മരണപ്പെട്ടവരുടെ ചെരുപ്പുകൾ ചിതറി കിടക്കുന്നു (രാത്രിയിലെ ദൃശ്യം)
അപകടം നടന്ന കരമനയാറിലെ മൂന്നാറ്റുമുക്ക് കടവിൽ മരണപ്പെട്ടവരുടെ ചെരുപ്പുകൾ ചിതറി കിടക്കുന്നു (രാത്രിയിലെ ദൃശ്യം)

അനിൽ കുമാറിന്റെ സഹോദരൻ കുളത്തൂർ കിഴക്കിൻകര വൈകുണ്ഠത്തിൽ സുനിൽകുമാറിന്റെയും മിനി ലക്ഷ്മിയുടെയും മകനാണ് അദ്വൈത് (22). സഹോദരങ്ങൾ: സുമി, അനന്തരാമൻ. അനിൽകുമാറിന്റെ സഹോദരി കുളത്തൂർ കൈലാസത്തിൽ ശ്രീപ്രിയയുടെയും സനൽ കുമാറിന്റെയും മകനാണ് ആനന്ദ് (25), സഹോദരൻ: അരവിന്ദ്. അനിൽകുമാറിന്റെ ഭാര്യ: സരിത. മകൻ: അഖിൽ. ഒപ്പമുണ്ടായിരുന്ന അഖിലാണു ഫോണിൽ വിവരം വീട്ടിലറിയിച്ചത്.

2 കിലോമീറ്ററർ അകലെനിന്ന് ആളുകൾ എത്തുമ്പോൾ അഖിലും അനന്തരാമനും കരയിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. അദ്വൈതിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ആനന്ദിന്റെ മൃതദേഹം രണ്ടാമതും അനിൽ കുമാറിന്റെയും മകൻ അമലിന്റെയും മൃതദേഹങ്ങൾ ഒ‌ടുവിലും കണ്ടെടുത്തു. മഴ കാരണം ആറ്റിൽ ഏതാനും ദിവസമായി ഒഴുക്ക് കൂടുതലാണ്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു അപകടം. സമീപത്ത് ഒരു കോഴി ഫാം മാത്രമാണുള്ളത്. പരിചയമില്ലാത്തവർ ഇവിടെ ചുഴിയിൽപ്പെടാൻ സാധ്യതയുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. ആര്യനാട് ജംക്‌ഷനിൽ നിന്നു നാലര കിലോമീറ്റർ അകലെയാണു കടവ്.

കടവിൽ അപകടം ആദ്യം
കരമനയാറ്റിൽ സ്ഥിരമായി അവധി ദിവസങ്ങളിൽ ഉൾപ്പെടെ ദൂരെനിന്ന് ഒട്ടേറെപ്പേർ എത്താറുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. മൂന്നാറ്റുമുക്ക് കടവിൽ മുൻപ് അപകടങ്ങൾ ഉണ്ടായിട്ടില്ല. വേനൽക്കാലത്ത് സമീപ പ്രദേശങ്ങളിൽ വെള്ളം വറ്റുമ്പോൾ ആശ്രയമാണ് ഈ കടവ്.


1.അനിൽകുമാർ 
2.അമൽ 
3.ആനന്ദ് 
4.അദ്വൈത്
1.അനിൽകുമാർ 2.അമൽ 3.ആനന്ദ് 4.അദ്വൈത്

ആദ്യമെത്തിയത് ബിജു
അപകട സ്ഥലത്ത് ആദ്യം ഓടിയെത്തിയത് മുക്കാലി ഗീത ഭവനിൽ എസ്.ബിജുവായിരുന്നു. കോഴിഫാമിലെ അതിഥിത്തൊഴിലാളി വിളിച്ചു പറഞ്ഞതനുസരിച്ചാണു ബിജു എത്തിയത്. അയൽക്കാരായ 2 പേരും ഒപ്പമുണ്ടായിരുന്നു. ബിജുവും അനിൽകുമാറും പരിചയക്കാരാണ്. ഇന്നലെ രാവിലെ പാൽ കൊടുക്കാൻ പോയപ്പോൾ അനിൽ കുമാറും ബന്ധുക്കളും കൃഷി സ്ഥലത്ത് നിൽക്കുന്നത് കണ്ടിരുന്നു. ഇവരാകുമോ അപകടത്തിൽപ്പെട്ടതെന്ന പേടിയോടെയാണു ബിജു എത്തിയത്.

ബിജു ഒപ്പമുണ്ടായിരുന്ന ബിനുവിനെയും അനീഷിനെയും കൂട്ടി ആറ്റിലേക്കു ചാടി. ചുഴിയുള്ള ഭാഗത്തേക്കു തന്നെയാണ് ആദ്യം നീങ്ങിയത്. ആരുടെയും ജീവൻ രക്ഷിക്കാനായില്ലെന്ന സങ്കടത്തിലാണു ബിജുവും കൂട്ടുകാരും. സംഭവമറിഞ്ഞു കൂടുതൽ ആളുകളും വൈകാതെ പൊലീസും ആംബുലൻസും എത്തി. ഈറക്കാടിന് ഇടയിലൂടെ ദുർഘടമായ വഴിയാണു കടവിലേക്കുള്ളത്. ഒരാൾക്കു പോലും കടന്നുപോകാൻ പ്രയാസമുള്ള വഴിയിലൂടെ ഏറെ പണിപ്പെ‌‌‌ട്ടാണ് അപകടത്തിൽപെട്ടവരെ ആംബുലൻസിനടുത്ത് എത്തിച്ചത്.

കരയിൽ നിന്ന് കടവിലേക്ക് കീഴ്ക്കാംതൂക്കായ സ്ഥലമാണ്. ഇതിലൂടെ ഒരാൾക്ക് പോകാനുള്ള പടിക്കെട്ട് പോലുള്ള വഴിയിലൂടെയാണ് എല്ലാവരെയും റോഡിലേക്ക് എത്തിച്ചത്. ഒരു ആംബുലൻസിൽ തന്നെ ഇവരെ ആര്യനാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഐജി അർഷിത അട്ടല്ലൂരി, ജി.സ്റ്റീഫൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, റൂറൽ എസ്പി കിരൺ നാരായൺ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ തുടങ്ങിയവർ ആശുപത്രിയിൽ എത്തി. രാത്രി ഒൻപതോടെ പെ‌ാലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 

മുങ്ങിമരണങ്ങൾ തടയാൻ  വേണ്ടത് ജാഗ്രത..
തിരുവനന്തപുരം ∙ അരയ്ക്കു താഴേക്കുള്ള ഭാഗം കുത്തനെ താഴേക്കു പോകുമ്പോഴാണു മുങ്ങാൻ തുടങ്ങുന്നത്. തലയും കാലും കഴിയുന്നത്ര സമാന്തരമായി നിർത്തി തുഴയാൻ ശ്രമിക്കണം. വെള്ളത്തിൽ വീണയുടനെ, പരിഭ്രമിച്ച് മിക്കവരും തലപൊക്കി നിർത്താൻ ശ്രമിക്കും. അപ്പോഴാണ് അരയ്ക്കു താഴേക്കുള്ള ഭാഗം അടിയിലേക്കു പോകുന്നത്.
∙മദ്യപിച്ചോ, ലഹരി വസ്തുക്കൾ ഉപയോഗിച്ചതിനു ശേഷമോ ജലാശയങ്ങളിൽ ഇറങ്ങരുത്.
∙നന്നായി നീന്തൽ അറിയാമെങ്കിലും അറിയാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്. 
∙നീന്തൽ അറിയാത്തവർ, നീന്തൽ അറിയാവുന്ന സുഹൃത്തുക്കൾ ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ പുഴയിലിറങ്ങരുത്. എല്ലാ സാഹചര്യങ്ങളിലും ഒഴുക്കിൽപ്പെട്ടാൽ രക്ഷിക്കാനാകില്ല.
∙വള്ളത്തിൽ യാത്ര ചെയ്യുന്നത് ഇരുന്നു മാത്രം.
∙അപസ്മാരം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയുള്ളവർ വെള്ളത്തിൽ ഇറങ്ങരുത്.
∙വീടിനു സമീപത്തുള്ള കിണറുകൾക്കും കുളങ്ങൾക്കും ഉയരമുള്ള സംരക്ഷണഭിത്തി കെട്ടുക. കിണറുകൾ ഇരുമ്പുവല കൊണ്ടു മൂടുക. കുട്ടികളെ തനിയെ ജലാശയങ്ങളിലേക്കു പോകാൻ അനുവദിക്കരുത്.
∙പാഠ്യപദ്ധതിയുടെ ഭാഗമാക്കി വിദ്യാർഥികളെ ശാസ്ത്രീയമായി നീന്തൽ അഭ്യസിപ്പിക്കുക. പ്രഥമശുശ്രൂഷാ പരിശീലനം നൽകുക.
∙ഖനനം കഴിഞ്ഞ പാറ ക്വാറികളിൽ ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക.

പ്രഥമശുശ്രൂഷ പ്രധാനം
ഏതുതരം അപടകമുണ്ടായാലും ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രഥമ ശുശ്രൂഷയാണ്. വെള്ളത്തിൽ മുങ്ങിപ്പോയ ആളെ പുറത്തെടുക്കാൻ കഴിഞ്ഞാൽ ചെരിച്ചു കിടത്തി തല വശത്തേക്കു ചെരിച്ചു കിടത്തി, വയറിൽ അമർത്തി വെള്ളം പരമാവധി പുറത്തു കളയുക. ഉടൻ കൃത്രിമ ശ്വാസം നൽകുകയും വേണം.
∙കമിഴ്ത്തി കിടത്തി കൈ രണ്ടും ശരീരത്തിന്റെ ഇരുവശത്തും വച്ചു തല ഒരു വശത്തേക്കു ചരിച്ചുവയ്ക്കണം. വായിൽ കല്ലോ മണ്ണോ ചെളിയോ ഉണ്ടെങ്കിൽ ഉടൻ നീക്കണം.
∙കിടക്കുന്നയാളുടെ ഇടതുവശത്തു മുട്ടുകുത്തിനിന്ന്, രണ്ടുകൈകളും വാരിയെല്ലിന്റെ ഇടതുവശത്തു ചേർത്തു വിടർത്തിപ്പിടിച്ച് നെഞ്ച് തറയോടു ചേർന്ന് അമർത്തണം. ശരീരത്തിന്റെ ഭാരം മുഴുവൻ കൈകളിൽ നൽകി വേണം അമർത്താൻ. ഇങ്ങനെ 20 തവണയെങ്കിലും ചെയ്യണം.
∙മലർത്തിക്കിടത്തി ആവശ്യമെങ്കിൽ കൃത്രിമശ്വാസം നൽകണം. ഒരാൾ നെഞ്ചിന്റെ ഇരുവശത്തും ശക്തിയായി അമർത്തണം. ഇതു നാലു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ അടുത്തയാൾ വായോടു വായ് ചേർത്ത് ശ്വാസം നൽകണം. 4:1 എന്ന അനുപാതത്തിൽ ഇതു തുടരാം.
∙ശരീരം തിരുമ്മി ചൂടാക്കണം. രക്തമൊലിക്കുന്ന മുറിവുകളുണ്ടെങ്കിൽ രക്തസ്രാവം തടയാൻ വേണ്ടതു ചെയ്യണം.
(വിവരങ്ങൾക്ക് കടപ്പാട്: അഗ്നിരക്ഷാസേന)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com