മത്സ്യ ലഭ്യതയ്ക്കായി; കൃത്രിമപ്പാര് പരീക്ഷണവുമായി തീരദേശ വികസന കോർപറേഷൻ
Mail This Article
വിഴിഞ്ഞം∙ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യലഭ്യതയും വരുമാന വർധനയും ലക്ഷ്യമിട്ട് തീരദേശ വികസന കോർപറേഷൻ നടപ്പാക്കുന്ന കൃത്രിമപ്പാര് ( റീഫ്) പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ നടപ്പാക്കാൻ രൂപരേഖയായി. രണ്ടാം ഘട്ടത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ മത്സ്യ ഗ്രാമങ്ങളോടനുബന്ധിച്ച കടലുകളിൽ നിക്ഷേപിക്കുന്ന കൃത്രിമപ്പാരുകളുടെ നിർമിതി വിഴിഞ്ഞത്ത് വൈകാതെ തുടങ്ങുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.
ആദ്യ ഘട്ടം തലസ്ഥാനത്ത് ജനുവരിയിൽ നടപ്പാക്കിയിരുന്നു. വിഴിഞ്ഞം ഹാർബർ റോഡിനു സമീപത്തെ വിശാല സ്ഥലത്താണ് ഇവയുടെ വാർക്കൽ നടത്തുക. രണ്ടാം ഘട്ടത്തിൽ 14,400 റീഫുകൾ നിക്ഷേപിക്കും. കടൽമാർഗം റീഫുകളെ നിശ്ചിത സ്ഥലങ്ങളിലെത്തിക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തിൽ നടപ്പാക്കുക. ഇവിടങ്ങളിൽ ആകെ 12600 റീഫുകളും സ്ഥാപിക്കും.മൂന്നാം ഘട്ടത്തിലെ റീഫുകൾ വടക്കൻ ജില്ലകളിലെ തീരദേശങ്ങളിലാവും വാർക്കുക.
പാരുകൾ എന്ന കൃത്രിമ ആവാസ വ്യവസ്ഥ
ത്രിമാന, പൈപ്പ്, പൂവ് ആകൃതികളിലുള്ള കോൺക്രീറ്റ് നിർമിതികളാണ് പാരുകൾ അഥവാ റീഫുകൾ. മുൻകാലങ്ങളിൽ നിക്ഷേപിച്ച ഇത്തരം റീഫുകളോടനുബന്ധിച്ചു മത്സ്യലഭ്യത വർധനയുണ്ടായി എന്ന പഠനനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തുടർ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കടലിൽ നിക്ഷേപിക്കുന്ന കൃത്രിമ റീഫുകളോടനുബന്ധിച്ചു മത്സ്യ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നു എന്ന നിലക്കാണ് പദ്ധതി. തമിഴ്നാട്ടിൽ പരീക്ഷിച്ചു വിജയിച്ച രൂപഘടനകളനുസരിച്ചാണ് നൂതന റീഫ് മാതൃകകൾ.