ADVERTISEMENT

തിരുവനന്തപുരം ∙ ശുദ്ധജല പൈപ്പ് കണക്‌ഷൻ നൽകാൻ ആദ്യ ഘട്ട ടാറിങ് പൂർത്തിയായ സ്മാർട് റോഡുകൾ വീണ്ടും വെട്ടി പൊളിക്കുന്നു. ഒരു സ്ഥലത്തു തന്നെ രണ്ടും മുന്നും തവണ കുഴിക്കേണ്ടി വരുന്നുണ്ട്. ആൽത്തറ– തൈക്കാട് റോഡിൽ മേട്ടുക്കട ജംക്‌ഷനു സമീപം, ശ്രീമൂലം ക്ലബിന് സമീപം എന്നിവിടങ്ങളിലാണ് ആവർത്തിച്ച് കുഴിയെടുത്തത്.

ഇന്റർ കണക‌്ഷൻ നൽകുന്നതിനിടെ പൊട്ടിയ പൈപ്പ് മാറ്റിയെങ്കിലും മാനവീയം വീഥിക്കു സമീപത്തെ വമ്പൻ കുഴി ഇതുവരെ മൂടിയിട്ടില്ല. ഓവര്‌‍‍ബ്രിജ്–  ഉപ്പിടാംമൂട് റോഡിൽ ഏരീസ് പ്ലക്സ് തിയറ്ററിന് സമീപം ഇന്റർ കണൿഷൻ നൽകാനായി കുഴിയെടുത്തിട്ട് ഒരു മാസത്തോളമായെങ്കിലും ഇതുവരെ ജോലികൾ പൂർത്തിയാക്കിയിട്ടില്ല. ഗതാഗതം ഭാഗികമായി തടഞ്ഞിരിക്കുന്നതിനാൽ ഈ റോഡുകളിലെല്ലാം വൻ കുരുക്കാണ്.

∙ കാരണം ഇതാണ്
പ്രധാന ലൈനിനെയോ ഗാർഹിക, വാണിജ്യ ലൈനുകളെ സംബന്ധിച്ചോ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് കാര്യമായ ധാരണയില്ല. ഒരു റോഡിൽ എത്ര ലൈനുകൾ കടന്നു പോകുന്നു, ഓരോ പൈപപ്പിന്റേയും വ്യാസം, എത്രത്തോളം ആഴത്തിലാണ് പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത് തുടങ്ങിയ അടിസ്ഥാന വിവരങ്ങളും അധികൃതരുടെ പക്കലില്ല.

പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുന്നതിനുള്ള മാർക്കിങുകളും ഒരിടത്തുമില്ല. സ്മാർട് നിലവാരത്തിൽ റോഡ് പുനർ നിർമിച്ച ശേഷം കണൿഷൻ മാറ്റി നൽകിയപ്പോഴാണ് പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സബ് ലൈനുകൾ ചാർജ് ചെയ്യാനായി ആദ്യം റോഡ് കുഴിക്കും. ഇതിനു ശേഷവും ഇതേ ലൈനിൽ വെള്ളം കിട്ടുന്നില്ലെന്ന പരാതി ഉയരുമ്പോഴാണ് ലൈൻ മാറിപ്പോയ വിവരം അറിയുക. തകരാർ പരിഹരിക്കാൻ വീണ്ടും കുഴിക്കുകയാണ് ഇപ്പോൾ. 

കണക‌്ഷൻ നൽകേണ്ട പൈപ്പുകൾക്ക് അനുസരിച്ചുള്ള ഫിറ്റിങുകൾ ലഭ്യമല്ലാത്തതും വെല്ലുവിളിയാണ്. പൈപ്പിന്റെ വ്യാസം കണക്കാക്കി ഫിറ്റിങ്സ് പുതുതായി നിർമിച്ച ശേഷമാണ് കണൿഷൻ മാറ്റി നൽകുന്നതെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു. തൈക്കാട് –ആൽത്തറ റോഡിൽ പുതിയ പൈപ്പ് സ്ഥാപിച്ചെങ്കിലും ചാർജ് ചെയ്തിട്ടില്ല. പഴയ കാസ്റ്റ് അയൺ പൈപ്പ് വഴിയാണ് ഇപ്പോഴും ജല വിതരണം. 

∙ കുഴികൾ മൂടാതെ മാസങ്ങൾ
ഇന്റർ കണക്‌ഷൻ നൽകുന്നതിനിടെ വെള്ളത്തിന്റെ ഒഴുക്ക് കൂടിയാണ് മാനവീയം വീഥിക്ക് സമീപം പഴയ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടൽ ആവർത്തിക്കുമോ എന്ന പേടിയിൽ ഈ കുഴി ഇപ്പോഴും മൂടിയിട്ടില്ല.തൈക്കാട് നിന്ന് വെള്ളയമ്പലത്തേക്കുള്ള വാഹനങ്ങൾ ഭൂരിഭാഗവും മാനവീയം വീഥി വഴിയാണ് കടത്തിവിടുന്നത്.

ഏരീസ് പ്ലക്സ് തിയറ്ററിനു മുന്നിലും ഇന്റർ കണക‌്ഷൻ നൽകുന്നതിനു വേണ്ടിയാണ് ഒരു മാസത്തോളം മുൻപ് കുഴിയെടുത്തത്. എന്നാ‍ൽ ആയുർവേദ കോളജ് ഭാഗത്തു നിന്നുള്ള ലൈൻ ഇതിലേക്ക് കണക്ട് ചെയ്യാൻ കഴിയാത്തതിനാൽ കുഴി അതേപടി. വെള്ളത്തിന് ആവശ്യത്തിന് വേഗത ഇല്ലാത്തതിനാലാണ് രണ്ടു ലൈനുകളും തമ്മിൽ കണക്ട് ചെയ്യാൻ കഴിയാത്തത്.

English Summary:

Lack of Coordination Causes Repeated Digging on Thiruvananthapuram's Smart Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com