‘നിന്നെയും കൊന്ന് ഞാനും മരിക്കും’ ; അമ്മ ബസിലിരുന്നു കണ്ടു, മകളുടെ ഓഫിസിലെ തീ
Mail This Article
നേമം ∙പാപ്പനംകോട്ട് ഇൻഷുറൻസ് പോർട്ടൽ ഓഫിസിലെ ജീവനക്കാരി പാപ്പനംകോട് ദിക്കുബലിക്കളത്തിനു സമീപം ശിവപ്രസാദത്തിൽ വൈഷ്ണയെ (35) തീ കത്തിച്ചു കൊലപ്പെടുത്തി ഭർത്താവ് ചെമ്മണ്ണുക്കുഴി മേലെ ശിവശക്തിയിൽ ബിനു കുമാർ (45) ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് സൂചന നൽകി. സഹോദരന്റെ ഡിഎൻഎ സാംപിൾ പരിശോധനാ ഫലം ലഭിക്കുന്നതുവരെ ബിനുകുമാറിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. വൈഷ്ണയുടെ മൃതദേഹം സംസ്കരിച്ചു.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പാപ്പനംകോട് ജംക‌്ഷനു സമീപത്തെ ഓഫിസിൽ രണ്ടു പേർ പൊള്ളലേറ്റു മരിക്കുന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് അകന്നു കഴിയുകയായിരുന്ന വൈഷ്ണയെ ഓഫിസിലെത്തി ബിനുകുമാർ ഇന്ധനം ഒഴിച്ചു തീ കൊളുത്തുകയായിരുന്നുവെന്നു കരുതുന്നു. ‘നിന്നെയും കൊന്ന് ഞാനും മരിക്കും’ എന്ന് വൈഷ്ണയെ ബിനു പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സുഹൃത്തിനോട് ‘ഞാൻ പ്രതികാരം തീർക്കാൻ പോകുന്നു’ എന്ന് ബിനുകുമാർ പറഞ്ഞതായും മൊഴിയുണ്ട്.
നിരന്തരം ഭീഷണി: പാപ്പനംകോട്ടേത് കരുതിക്കൂട്ടിയുള്ള ആക്രമണം
നേമം∙ ചൊവ്വാഴ്ച 11 നു വീട്ടിൽ നിന്നിറങ്ങിയ ബിനുകുമാർ ഓട്ടോറിക്ഷയിൽ പുതിയ കാരയ്ക്കാമണ്ഡപത്തിന് സമീപം വരെ എത്തി അര കിലോമീറ്ററോളം നടന്ന് ഇൻഷുറൻസ് ഓഫിസിലെത്തി. ഇതിന് സമീപത്തെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഓഫിസിലെ മേശയ്ക്കടിയിലാണ് വൈഷ്ണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കിടന്നത്. കത്തി കണ്ടെത്തിയെങ്കിലും ആക്രമണത്തിന് അത് ഉപയോഗിച്ചതിന്റെ സൂചനയില്ല.ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം 3 വർഷം മുൻപാണ് വൈഷ്ണ ബിനു കുമാറിനെ വിവാഹം ചെയ്തത്. ഒരു വർഷമായി ഇരുവരും അകൽച്ചയിലാണ്. സംശയം മൂലം വൈഷ്ണയെ ആക്രമിക്കുകയും നിരന്തരം ഫോൺ പരിശോധിക്കുകയും പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വൈഷ്ണ വിവാഹമോചനത്തിനു കോടതിയെ സമീപിച്ചപ്പോഴും ബിനു കുമാർ ഭീഷണിപ്പെടുത്തി . ഫോൺ ബ്ലോക്ക് ചെയ്തതോടെ സഹോദരന്റെ ഫോണിലേക്കായി ഭീഷണി.6 മാസം മുൻപ് പാപ്പനംകോട്ടെ ഓഫിസിലെത്തി ബിനു വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഏജൻസി ഓഫിസ് ഉടമ നേമം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.ഇനി പ്രശ്നമുണ്ടാക്കില്ലെന്ന് ഒപ്പിട്ടു നൽകിയ ശേഷമാണ് അന്ന് വിട്ടയച്ചത്.
അമ്മ ബസിലിരുന്നു കണ്ടു:മകളുടെ ഓഫിസിലെ തീ
നേമം ∙ വൈഷ്ണയുടെ ഓഫിസിൽ നിന്നു തീയും പുകയും ഉയരുന്നത് കിഴക്കേക്കോട്ടയിൽ നിന്നു ബസിൽ മടങ്ങുമ്പോൾ അമ്മ സുധാ കല കണ്ടിരുന്നു. ഭയന്ന് അടുത്ത ബസ് സ്റ്റോപ്പിലിറങ്ങിയ അവർ കാര്യം തിരക്കാൻ ഓട്ടോറിക്ഷയിൽ നേമം പൊലീസ് സ്റ്റേഷനിലെത്തി.അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കുഴപ്പമൊന്നുമില്ലെന്നും വീട്ടിൽ പോകാനും നിർദ്ദേശിക്കുകയായിരുന്നു. പിന്നീടാണ് മരണവിവരം അറിയുന്നത്. ഓഫിസ് ജോലിക്കിടെ വൈഷ്ണ പിഎസ്‌സി പരീക്ഷയ്ക്കായി പഠിച്ചിരുന്നുവെന്ന് സ്ഥാപന ഉടമ ബി.മണി പറഞ്ഞു. അമ്മ സുധാ കലയും സഹോദരൻ വിഷ്ണുവും മാത്രമാണ് ഇനി വൈഷ്ണയുടെ മക്കൾക്ക് ആശ്രയം. ഇൻഷുറൻസ് സ്ഥാപനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. 50,000 രൂപ പണമായും ഓഫിസിലുണ്ടായിരുന്നു. എസിയും കംപ്യൂട്ടറുകളും ഓഫിസ് രേഖകളും കത്തി നശിച്ചു.