പേപ്പാറയ്ക്കു സമീപം കാലിൽ ഗുരുതര പരുക്കുമായി കാട്ടാന
Mail This Article
വിതുര∙ കാലിൽ ഗുരുതര പരുക്കേറ്റ നിലയിൽ വനാതിർത്തിയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സിക്കാനുള്ള വനംവകുപ്പ് ശ്രമം തുടരുന്നു. ബുധനാഴ്ച അർധരാത്രിയോടെ പരുത്തിപ്പള്ളി വനം റേഞ്ചിലെ വിതുര മാങ്കാലയ്ക്കു സമീപം കണ്ട കാട്ടാനയെ ഇന്നലെ രാവിലെ മയക്കുവെടി വച്ച് ചികിത്സിക്കാമെന്നായിരുന്നു തീരുമാനം. കാട്ടാനയുടെ സമീപം പുലർച്ചെയോടെ മറ്റൊരു കാട്ടാന തമ്പടിച്ചത് അനിശ്ചിതത്വം സൃഷ്ടിച്ചു. ഇതിനിടെ പരുക്കുമായി ഉൾവനത്തിലേക്കു നടന്ന കാട്ടാന ഇന്നലെ വൈകിട്ട് പേപ്പാറയ്ക്കു സമീപം മണിതൂക്കി വനമേഖലയിൽ എത്തിയെന്നാണ് അധികൃതർ നൽകുന്ന വിവരം.
പുലർച്ചെ, പരുക്കേറ്റ കാട്ടാനയ്ക്കു സമീപമെത്തിയ ആന ഒപ്പമുണ്ട്. ഈ കാട്ടാന മാറിയാൽ മയക്കുവെടി വയ്ക്കാമെന്ന തീരുമാനത്തിലാണ് അധികൃതർ. പരുക്ക് ഭേദമാകാനുള്ള സാധ്യതയുണ്ടെങ്കിലും വിദഗ്ധ ചികിത്സ നൽകുന്നതാണ് ഉത്തമമെന്ന നിലപാടിലാണ് പരിശോധകസംഘം. മഴ പെയ്യുന്നതിനാൽ ദൗത്യം കൂടുതൽ ശ്രമകരമായി. മുറിവിൽ അണുബാധ ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്. ഇന്നു കൂടി നിരീക്ഷിച്ച ശേഷം പരുക്കേറ്റ കാട്ടാനയ്ക്കൊപ്പമുള്ള ആന മാറിയില്ലെങ്കിൽ മറ്റു മാർഗങ്ങൾ ആലോചിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഡിഎഫ്ഒ അനിൽ ആന്റണി, പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ എസ്.ശ്രീജു, വെറ്ററിനറി സർജൻ ഡോ.അരുൺ കുമാർ എന്നിവർ സ്ഥലത്തെത്തി. വിദഗ്ധരുടെ സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും ഇന്നു നിരീക്ഷിച്ച ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ എസ്.ശ്രീജു അറിയിച്ചു.