വർക്കല റെയിൽവേ സ്റ്റേഷൻ ‘പ്ലാറ്റ്ഫോം മേൽക്കൂര പൂർണമാക്കണം’

Mail This Article
വർക്കല∙ മാതൃക റെയിൽവേ സ്റ്റേഷൻ പദവിയുള്ള ശിവഗിരി റെയിൽവേ സ്റ്റേഷൻ വികസനത്തിൽ പ്രധാന ഇനമായിരുന്ന രണ്ടു പ്ലാറ്റ്ഫോമുകളിലും പൂർണമായി റൂഫിങ് വേണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തും റൂഫിങ് നടത്താതെ ഒഴിച്ചിട്ടിരിക്കുന്നതിൽ ട്രെയിൻ യാത്രക്കാർ ഇപ്പോഴും അമർഷം പങ്കുവെയ്ക്കുന്നു. ഏതാനും വർഷം മുൻപ് സ്റ്റേഷനിൽ റൂഫുകൾ നവീകരിച്ചെങ്കിലും പ്ലാറ്റ്ഫോമിന്റെ രണ്ടറ്റവും ഒഴിവാക്കി.പ്രതിദിനം കാൽ ലക്ഷത്തോളം പേർ എത്തുന്ന സ്റ്റേഷനിൽ ജനറൽ കംപാർട്ട്മെന്റിലെ യാത്രികർ പൊരിവെയിലിൽ ട്രെയിൻ കാത്തുനിൽക്കുന്നതു കടുത്ത അവഗണനയായി റെയിൽവേ യൂസേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു. ഇതിനകം യാത്രക്കാരുടെ സംഘടനകളും മേഖലയിലെ റസിഡന്റ്‌സ് അസോസിയേഷൻ വക്താക്കളും വികസനവുമായി ബന്ധപ്പെട്ടു നിരന്തരം റെയിൽവേ അധികൃതർക്കു നൽകുന്ന നിവേദനങ്ങളിൽ ഇക്കാര്യം പറഞ്ഞിരുന്നു.
കൂടാതെ സ്റ്റേഷനിൽ ആകെയുള്ള നടപ്പാലത്തിനു പുറമെ പുതിയത് ഒരെണ്ണം ഏതാനും വർഷം മുൻപ് തുറന്നപ്പോൾ രണ്ടു നടപ്പാലം തുറന്നതിന്റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞു പഴയ പാലം പൂട്ടി. വീണ്ടും ഒരെണ്ണം മാത്രമായി.അതാകട്ടെ പ്ലാറ്റ്ഫോമിന്റെ അറ്റത്തും. 130 കോടിയിലേറെ ചെലവാക്കി ഇപ്പോൾ നടക്കുന്ന അമൃത് ഭാരത് പദ്ധതി നവീകരണത്തിൽ ഏറ്റവും ആധുനിക സൗകര്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.അധികം പഴക്കമില്ലാത്ത കെട്ടിടം പൊളിച്ചു പകരം പണിയുന്നത് ആറു നിലയിൽ 100 മീറ്റർ നീളമുള്ള കെട്ടിടങ്ങളാണ്. മേൽക്കൂര പ്രശ്നത്തിൽ തുടരുന്ന അലംഭാവം നിലവിൽ പുരോഗമിക്കുന്ന സ്റ്റേഷൻ വികസനത്തിൽ പരിഹരിക്കുമെന്ന പ്രത്യാശയിലാണ് യാത്രക്കാർ.