ടയർ മോഷണക്കേസ് പ്രതി പിടിയിലായ സംഭവം; മറിച്ചു വിറ്റ മോഷണമുതലിലെ ഒരു ഭാഗം കണ്ടെത്തി
Mail This Article
വിതുര∙ ഭർത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ടയർ മോഷണക്കേസ് പ്രതി വലയിലായ സംഭവത്തിലെ മോഷണ മുതലിലെ ഒരു ഭാഗം കണ്ടെത്തി. ബേബി മാത്യു 23 ന് ചാലക്കുടി പേരാമ്പ്രയിൽ നിന്നു ടയർ ലോഡ് ലോറിയിൽ കയറ്റി പോയ ശേഷം മുങ്ങിയിരുന്നു. 18 ലക്ഷം രൂപയുടെ 126 ടയറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയ ഇയാൾ ലോഡ് പലയിടത്തായി മറിച്ചു വിറ്റു. ഇതിൽ 44 ടയറുകൾ കോയമ്പത്തൂർ ചാവടിയിൽ നിന്നും കൊടകര പൊലീസ് കണ്ടെത്തി. ബേബി മാത്യു തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ടയർ കണ്ടെത്തിത്.
18 ലക്ഷം രൂപയുടെ ലോഡിലെ 6 ലക്ഷത്തോളം രൂപയുടെ മുതൽ മാത്രമാണ് നിലവിൽ കണ്ടെത്തിയത്. ബാക്കിയുള്ളവ പലയിടങ്ങളിലായി വിറ്റുവെന്നാണ് പൊലീസ് പറയുന്നത്. ഇത് കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. ലോഡ് മറിച്ചു വിറ്റ ശേഷം കർണാടക– തമിഴ്നാട് ബോർഡറിലെ ധിംബം എന്ന സ്ഥലത്ത് ലോറി ഉപേക്ഷിച്ച ശേഷം പ്രതി എറണാകുളത്തെത്തി ഒളിവിൽ താമസിക്കുന്നതിനിടെ ആണ് പിടിയിലായത്.