അദാനി ഫൗണ്ടേഷന്റെ അടുക്കളത്തോട്ടം പദ്ധതി നാടിനു മാതൃക: മന്ത്രി ജി.ആർ.അനിൽ
Mail This Article
വിഴിഞ്ഞം∙ ഓരോ വീട്ടിലും വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്നും അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇക്കാര്യത്തിൽ നാടിനു മാതൃകയാണെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ. അദാനി ഫൗണ്ടേഷൻ സമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണം വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിഴിഞ്ഞത്തെ 5 വാർഡുകളിലായി അദാനി ഫൗണ്ടേഷന്റെ കീഴിലുള്ള ഫാം സ്കൂൾ നേതൃത്വം നൽകുന്ന അടുക്കളത്തോട്ടം പദ്ധതിയിൽ 1760 കുടുംബങ്ങൾ പങ്കാളികളാണ്. ഇവർ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾക്കു പുറമെ ഫൗണ്ടേഷനുമായി സഹകരിക്കുന്ന സ്വയംസഹായ സംഘങ്ങളുടെ ഉൽപന്നങ്ങളും മേളയിൽ ലഭ്യമാണ്. അദാനി തുറമുഖത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്ന ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കോവളം എംഎൽഎ എം.വിൻസന്റ് അധ്യക്ഷത വഹിച്ചു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ, കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, കൗൺസിലർമാരായ ഓമന, നിസാമുദ്ദീൻ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ, സിഎസ്ആർ മേധാവി ഡോ.അനിൽ ബാലകൃഷ്ണൻ, അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രീട്ടോ എന്നിവർ പ്രസംഗിച്ചു.