സിസേറിയൻ നടത്തി ഇരട്ടക്കുഞ്ഞുങ്ങളെ പുറത്തെടുത്തത് ടോർച്ച്–മൊബൈൽ വെട്ടത്തിൽ; 'ഡോക്ടർമാർക്ക് നന്ദി'
Mail This Article
തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിൽ മൂന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയപ്പോൾ സിസേറിയൻ ശസ്ത്രക്രിയ നടത്തിയത് ടോർച്ച്–മൊബൈൽ വെട്ടത്തിൽ. കണിയാപുരം സ്വദേശിനിക്കായിരുന്നു ശസ്ത്രക്രിയ. ലേബർ റൂമിലെ അരണ്ട വെളിച്ചം തികയാതെ വന്നപ്പോഴായിരുന്നു ടോർച്ച്–മൊബൈൽ വെട്ടം ഉപയോഗിച്ചത്.
സ്കാനിൽ ഇരട്ടകളാണെന്നു കണ്ടെത്തിയതിനാൽ കഴിഞ്ഞ 24ന് ആയിരുന്നു പ്രസവത്തീയതി നിശ്ചയിച്ചത്. നേരത്തേ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. 10 ദിവസം മുൻപ് ആശുപത്രിയിലെത്തി. ഞായറാഴ്ച വൈകിട്ട് ആറോടെ ലേബർ റൂമിലേക്കു മാറ്റി. ഇൗ സമയം ആശുപത്രിയിൽ വൈദ്യുതിയില്ലായിരുന്നു. ഏഴരയായപ്പോൾ ആദ്യത്തെ കുട്ടി പുറത്തു വന്നു. അപ്പോഴേക്കും ഡോക്ടർമാർ ബന്ധുക്കളോട് അടിയന്തരമായി സിസേറിയൻ നടത്തണമെന്നു പറഞ്ഞു. ഇതു കേട്ടു ഭയന്നു പോയെങ്കിലും ഡോക്ടർമാർ ആശ്വസിപ്പിച്ചതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ചില രേഖകളും അധികൃതർ ഒപ്പിട്ടു വാങ്ങിയെന്ന് ബന്ധുക്കൾ പറഞ്ഞു.
വൈദ്യുതിയില്ലാതെ എങ്ങനെ ശസ്ത്രക്രിയ നടത്തുമെന്ന ആശങ്കയിലായിരുന്നുവെന്നും എന്നാൽ, വിദഗ്ധ ഡോക്ടർമാരുടെ സംഘമെത്തി ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും ബന്ധുക്കൾ പറഞ്ഞു. രാത്രി 9 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി, രണ്ടാമത്തെ കുഞ്ഞിനെയും പുറത്തെടുത്തു. ആശുപത്രി അധികൃതരോട് നന്ദി പറയാൻ വാക്കുകളില്ലെന്നും അവർ പലതവണ സാന്ത്വനിപ്പിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. യുവതിയുടെ മൂന്നാമത്തെ പ്രസവമാണിത്. ആദ്യ രണ്ടു പ്രസവത്തിലുമായി രണ്ടാൺകുട്ടികൾ. ഇത്തവണത്തെ പ്രസവത്തിൽ ഇരട്ടകളായ രണ്ട് ആൺമക്കൾ. രണ്ടു കുട്ടികൾക്കും ആശുപത്രിയിൽ വച്ചു തന്നെ പേരുമിട്ടു.
‘കാരണം ഉപകരണങ്ങളുടെ കാലപ്പഴക്കം’
തിരുവനന്തപുരം ∙ എസ്എടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി മൂന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ, ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് പിന്നിലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക റിപ്പോർട്ട്.
റിപ്പോർട്ട് ഇന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്ക് കൈമാറും. ഇന്നലെ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.എസ്.സ്മിതയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി ജനറേറ്ററും മറ്റും പരിശോധിച്ചു.
വൈദ്യുതി മുടങ്ങിയതിനു പിന്നാലെ ജനറേറ്ററും തകരാറിലായിരുന്നു. വിശദമായി അന്വേഷിക്കണമെന്ന് ആശുപത്രി അധികൃതർ കൂടി പറഞ്ഞതോടെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
മിന്നും അണയും...ഇപ്പം ശരിയാക്കുമെന്ന് പറഞ്ഞു
എൽ.ആർ.ഷീജ, വഴയില
മൂന്നാം തീയതിയാണ് ഡേറ്റ് പറഞ്ഞത്. പക്ഷേ, ആശുപത്രിയിൽ നേരത്തെ എത്താൻ മകളോടു പറഞ്ഞിരുന്നു. അതുപ്രകാരം അഡ്മിറ്റായി. ഞായറാഴ്ച വൈകിട്ടോടെ വൈദ്യുതി മിന്നും, അണയും എന്ന സ്ഥിതിയായിരുന്നു. പിന്നീട് മിന്നിയില്ല. പലതവണ ആശുപത്രി അധികൃതരോട് പരാതി പറഞ്ഞു. അവർ കേട്ടില്ലെന്ന് നടിച്ചു. എന്റെ മകൾ ഇന്നലെ രാവിലെ പ്രസവിച്ചു. അപകടമൊന്നുമുണ്ടായില്ലെന്ന ആശ്വാസമാണ് ഞങ്ങൾക്ക്.
കൂരിരിട്ട്, പേടിച്ചുപോയി...
എ. പ്രമീള, നെയ്യാറ്റിൻകര
മകൾ ഗായത്രിയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ആശുപത്രിയിലെത്തിയത്. 14ാം വാർഡിലാണ് മകളെ പ്രവേശിപ്പിച്ചത്. ഞായർ ഉച്ചയ്ക്ക് ഒന്നു മുതൽ ആശുപത്രിയിൽ വൈദ്യുതി വന്നും പോയുമിരുന്നു. ആശുപത്രി അധികൃതരോട് പരാതിപ്പെട്ടപ്പോൾ ഉടൻ ശരിയാകുമെന്നായിരുന്നു മറുപടി. കൂരിരുട്ടിൽ ഞങ്ങൾ വാർഡിൽ കഴിച്ചു കൂട്ടി.