ജയിലിൽ നിന്നു കോടതിയിലേക്ക് കൊണ്ടുപോയ പ്രതി ബ്ലേഡ് വിഴുങ്ങി
Mail This Article
കഴക്കൂട്ടം ∙ ജയിലിൽ നിന്നു കോടതിയിലേക്കു കൊണ്ടുപോയ പ്രതി ബ്ലേഡ് വിഴുങ്ങിയതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. പോക്സോ, കാപ്പ ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ കൊല്ലം സ്വദേശി സുമേഷ് (31) ആണ് ബ്ലേഡ് വിഴുങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സുമേഷിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കൊല്ലം കോടതിയിൽ ഹാജരാക്കാനായി ബസിൽ കൊണ്ടുപോകവേ, ശ്രീകാര്യം എത്തുമ്പോൾ ബീഡി വേണം എന്നാവശ്യപ്പെട്ട് ബഹളം വച്ചു.
കഴക്കൂട്ടം എത്തിയപ്പോൾ സുമേഷിന്റെ വായിൽ നിന്നും ചോര വരുന്നതു കണ്ട് പൊലീസുകാർ ഇയാളെ ബസിൽ നിന്നും ഇറക്കി കഴക്കൂട്ടം സ്റ്റേഷനിൽ കൊണ്ടു വന്നു. പൊലീസ് പരിശോധിക്കുമ്പോൾ വായിൽ ബ്ലേഡിന്റെ ഒരു ഭാഗം കണ്ടെത്തി. തുടർന്ന് പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.