ADVERTISEMENT

ഗാന്ധിജയന്തി ആഘോഷം:  നാടൊരുങ്ങി
തിരുവനന്തപുരം∙ ഗാന്ധിജയന്തി ആഘോഷങ്ങൾക്കായി നാടൊരുങ്ങി. ഗാന്ധിജയന്തിയുടെ ഭാഗമായി കിഴക്കേക്കോട്ട ഗാന്ധി പാർക്കിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ ഇന്ന് രാവിലെ 8ന് ഹാരാർപ്പണം നടത്തും. പിആർഡി സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 

വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ ആൻഡ്
ഇൻഫർമേഷൻ സെന്റർ.
വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ ആൻഡ് ഇൻഫർമേഷൻ സെന്റർ.

സീനിയർ സിറ്റിസൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8.30ന് കൂട്ടയോട്ടം നടത്തും. കെൽട്രോൺ കോംപൗണ്ടിൽനിന്ന് ആരംഭിക്കും. വ്യോമസേന ദക്ഷിണ മേഖല കമാൻഡ് മേധാവി എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ മുഖ്യാതിഥിയാകും. കെപിസിസി ഗാന്ധിദർശൻ സമിതി കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ സ്നേഹ സംഗമ സദസ്സ് സംഘടിപ്പിക്കും. രാവിലെ 10.30ന് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

മാധവി മന്ദിരം
നെയ്യാറ്റിൻകരയിലെ ‘മാധവി മന്ദിരം’– രാഷ്ട്രപിതാവ് ഒരു ദിവസം താമസിച്ച നെയ്യാറ്റിൻകര ഊരൂട്ടുകാലയിലെ വീട്. രാജ്യം ഗാന്ധിജയന്തി ആഘോഷിക്കുമ്പോൾ, മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമകൾക്കൊപ്പമാണ് മാധവി മന്ദിരം ലോക സേവാ ട്രസ്റ്റ്. ഗാന്ധിജിയുടെ സെക്രട്ടറി ഡോ.ജി.രാമചന്ദ്രന്റെ വീടായിരുന്നു മാധവി മന്ദിരം. ഗാന്ധിജി ഇവിടെ ഉറങ്ങിയ കട്ടിൽ, അദ്ദേഹം നൂൽനൂറ്റ ചർക്ക,ഗാന്ധിജിയുടെ കൈപ്പടയിലുള്ള കത്തുകൾ,കന്യാകുമാരിയിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യാനെത്തിച്ച കലശം തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

രാമചന്ദ്രന് വിവാഹത്തിന് ധരിക്കാൻ മുണ്ട് നെയ്ത് നൽകിയത് ഗാന്ധിജിയാണ്. രാമചന്ദ്രന്റെ ഭാര്യ ഡോ.സൗന്ദരത്തിനുള്ള സാരി നെയ്തത് കസ്തൂർബാ ഗാന്ധിയും. ഇവ രണ്ടും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പ്രമുഖ ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ആദ്യമായി ഗാന്ധിജിയെ കണ്ടതും ഇവിടെ വച്ചാണ്.

വെങ്ങാനൂരിലെ പ്ലാവ് 
ചരിത്രസംഭവത്തിന്റെ ഓർമ പുതുക്കാൻ ആ വലിയ പ്ലാവ് ഇന്നില്ല. അയ്യങ്കാളിയെ കാണാനായി മഹാത്മാ ഗാന്ധി 1937 ജനുവരി 14ന് വെങ്ങാനൂരിലെത്തിയതാണ് ഈ നാട്ടിലെ ചരിത്രം. അയ്യങ്കാളിയുടെ സ്മൃതിമണ്ഡപത്തോടു ചേർന്നുണ്ടായിരുന്ന വലിയ പ്ലാവിൻ ചുവട്ടിൽ 2 മേശകൾ ചേർത്തിട്ടതായിരുന്നു വേദി. ജനസഞ്ചയത്തെ നോക്കി അവിടെയിരുന്ന് ഇരുവരും പ്രസംഗിച്ചതും അയ്യങ്കാളിയുമായുള്ള ചർച്ചകളും നാടിന് ചരിത്രവഴിയിൽ വലിയ സ്ഥാനം നൽ‌കി. 5 തവണത്തെ കേരള സന്ദർശനത്തിനിടെ തീർഥാടനം എന്നു ഗാന്ധിജി സ്വയം വിശേഷിപ്പിച്ച അവസാനഘട്ട തിരുവിതാംകൂർ പര്യടനത്തിനിടെയാണ് അയ്യങ്കാളിയെ കാണാൻ എത്തിയത്. 

അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘവും പള്ളിക്കൂടവും സ്വദേശി പ്രസ്ഥാനത്തിൽനിന്ന് ആവേശമുൾക്കൊണ്ടു തുടങ്ങിയ നെയ്ത്തുശാല, വായനശാല എന്നിവയും സന്ദർശിച്ചതുൾപ്പെടെ ഓർമകളുണ്ട് നാടിന്. പുലയ മഹാസമ്മേളനത്തിൽ അയ്യങ്കാളി ഗാന്ധിജിക്ക് മംഗളപത്രം സമർപ്പിച്ചു. ആ വലിയ കൂടിക്കാഴ്ചയുടെ നിറമുള്ള ഓർമകൾ പേറി ഏതാണ്ട് 90കൾ വരെ ആ പ്ലാവ് നിലനിന്നു. പിന്നീട് ദ്രവിച്ചു പോയെങ്കിലും പഴമക്കാരുടെയുള്ളിൽ ഇന്നും ആ വൃക്ഷവും അതിനു ചുവട്ടിലെ ചരിത്രനിമിഷങ്ങളും തിളക്കമാർന്ന ഓർമകളാണ്.

വേറ്റിനാട് ഊരൂട്ടു മണ്ഡപം
പോത്തൻകോട് വേറ്റിനാട് ഊരൂട്ടു മണ്ഡപത്തിന്റെ ചരിത്ര സ്മരണകൾ 90 വർഷങ്ങൾക്കിപ്പുറവും നാടിന് ആവേശമാണ്. 1934 ജനുവരി 20ന് വേറ്റിനാട് ഊരൂട്ടു മണ്ഡപം ക്ഷേത്രത്തിൽ കസ്തൂർബാ ഗാന്ധിയെയും കൂട്ടിയാണ് മഹാത്മാഗാന്ധി എത്തിയത്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു ഫണ്ട് ശേഖരണം, സാമൂഹികനീതിക്കു വേണ്ടി ക്ഷേത്ര പ്രവേശനം എന്നിവ ലക്ഷ്യമിട്ടുള്ള ഗാന്ധിജിയുടെ നാലാം കേരള സന്ദർശനമായിരുന്നു അത്. 

വേറ്റിനാട് ക്ഷേത്രത്തിൽ അന്നത്തെ നാട്ടുപ്രമാണിമാരുടെ അഭ്യർഥന മാനിച്ചാണ് ഗാന്ധിജി എത്തിയത്.  സ്വാതന്ത്ര്യ സമര ഭടന്മാരും പ്രമാണികളുമായ കണിവിളാകം കൃഷ്ണപിള്ള, കട്ടയ്ക്കാലിൽ പരമുപിള്ള, കെ.പി.കേശവൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാന്ധിജിയെ കാണാൻ ജനം നിറഞ്ഞു. സ്ത്രീകളടക്കം കുറെപ്പേർ മാറിനിൽക്കുന്നത് ഗാന്ധിജിയുടെ ശ്രദ്ധയിൽപെട്ടു. ‘അവരെന്താ മാറി നിൽക്കുന്നതെന്ന്’ അദ്ദേഹം ചോദിച്ചു. താഴ്ന്ന ജാതിക്കാരാണെന്നു പ്രമാണിമാർ അറിയിച്ചു.

ഗാന്ധിജയന്തിക്കു മുന്നോടിയായി  കിഴക്കേക്കോട്ടയിലെ  ഗാന്ധി പ്രതിമ വൃത്തിയാക്കുന്നു.
ഗാന്ധിജയന്തിക്കു മുന്നോടിയായി കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമ വൃത്തിയാക്കുന്നു.

ഗാന്ധിജി നിർദേശിച്ചതോടെ അവരെയും ക്ഷേത്ര പരിസരത്ത് വരുത്തി.പിന്നീടും വേറ്റിനാട് ഊരൂട്ടുമണ്ഡപ ക്ഷേത്രത്തിൽ എല്ലാ വിഭാഗക്കാർക്കും പ്രവേശനം നൽകിയിരുന്നു. ഗാന്ധിജി വിശ്രമിച്ച സ്ഥലത്ത് സ്മാരകം പണിയാൻ 1973ൽ തീരുമാനിച്ചു. നാട്ടുകാരുടെ കൂട്ടായ്മയിൽ കെട്ടിടം പണിതു. 4.2 കോടി രൂപ ചെലവിൽ 2 വർഷം മുൻപ് വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചു.

നെയ്യാറ്റിൻകര സമ്മേളനങ്ങൾ
സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാണ് നെയ്യാറ്റിൻകരയിലെ 2 സമ്മേളനങ്ങളും. മുനിസിപ്പൽ സ്റ്റേഡിയം ഭാഗത്തായിരുന്നു 1937 ജനുവരി 14ന് പ്രഥമ സമ്മേളനം നടത്തിയതെന്ന് ചരിത്രകാരന്മാർ പറയുന്നു. തെക്ക് ഭാഗത്തെ നേതാക്കന്മാരുടെ(കേരള–തമിഴ്നാട് മേഖല) സമ്മേളനമായിരുന്നു ഇത്. ആയിരത്തോളം നേതാക്കൾ പങ്കെടുത്തു. രണ്ടാമത്തെ സമ്മേളനം തൊട്ടടുത്ത ദിവസമായിരുന്നു.

ഊരൂട്ടുകാല ക്ഷേത്രത്തിനു സമീപം നടത്തിയ പൊതുസമ്മേളനത്തിൽ പതിനായിരത്തിലധികം ആളുകൾ പങ്കെടുത്തു. ഗാന്ധിജിയുടെ പ്രസംഗത്തിൽ ആകൃഷ്ടരായ ജനങ്ങൾ തങ്ങളുടെ സമ്പത്ത് നൽകാൻ പോലും തയാറായി എന്നതു ചരിത്രം. ഈ സമ്മേളനം നടന്ന അതേദിവസം തന്നെയാണ് ഗാന്ധിജി, വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദർശിച്ചത്. 

English Summary:

This article explores the various ways Kerala celebrates Gandhi Jayanti, highlighting events like floral tributes and a senior citizens' run. It delves into historical locations connected to Gandhi's visits to Kerala, including Madhavi Mandiram, the Plavu tree in Venganoor, and the Vetinad Ooruttu Mandapam temple, emphasizing their significance in social reform and the freedom struggle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com