ADVERTISEMENT

നാഗർകോവിൽ∙ പത്മനാഭപുരം കൊട്ടാരത്തിൽനിന്ന് ആചാരപൂർവം തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. പത്മനാഭപുരം തേവാരക്കെട്ട് സരസ്വതി ദേവി,വേളിമല കുമാരസ്വാമി,ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് പൊലീസ് അകമ്പടിയോടെ ഘോഷയാത്രയായി കൊണ്ടുവരുന്നത്. സരസ്വതി ദേവി ആനപ്പുറത്തും, കുമാരസ്വാമിയെയും, മുന്നൂറ്റിനങ്കയെയും പല്ലക്കിലുമാണ് എഴുന്നള്ളി ക്കുന്നത്. ഘോഷയാത്രയിലെ പ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം കൊട്ടാരത്തിലെ ഉപ്പരിക്ക മാളികയിൽ ഇന്നലെ രാവിലെ 7.40ന് നടന്നു.

കേരള പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ, കൊട്ടാരം ചാർജ് ഓഫിസർ കെ.പി.സധു എന്നിവർ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ.വാസവൻ എന്നിവർക്കു കൈമാറി. അവർ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ എൻ.പഴനികുമാറിന് നൽകി. യാത്രയിൽ ഉടവാളേന്തി പോകുന്ന വേളിമല കുമാരകോവിൽ ദേവസ്വം മാനേജർ എ.മോഹൻകുമാർ പിന്നീട് അദ്ദേഹത്തിൽനിന്ന് ഉടവാൾ ഏറ്റുവാങ്ങി. തേവാരക്കെട്ടിലേക്ക് ഉടവാൾ എത്തിച്ചതിന് പിന്നാലെ സരസ്വതി വിഗ്രഹത്തെ തെക്കേത്തെരുവിൽ ആനപ്പുറത്ത് തിടമ്പേറ്റി. വായ്ക്കുരവയും വാദ്യഘോഷവും ദേവീസ്തുതികളും മുഴങ്ങിയ അന്തരീക്ഷത്തിൽ ഘോഷയാത്രയ്ക്ക് രാവിലെ 9ന് തുടക്കമായി. 

തേവാരക്കെട്ട് ക്ഷേത്രത്തിലെ സരസ്വതി വിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ചപ്പോഴും കൊട്ടാരമുറ്റത്ത് നടന്ന പിടിപ്പണം നൽകൽ ചടങ്ങിനു ശേഷവും കേരള–തമിഴ്നാട് പൊലീസിന്റെ ആചാരബഹുമതിയും ബാൻഡ്‌ വാദ്യവും ഉണ്ടായിരുന്നു. പൂജയിലും ഘോഷയാത്രയിലും ആയിരങ്ങൾ പങ്കെടുത്തു.  കന്യാകുമാരി ജില്ലാ കലക്ടർ ആർ.അഴകുമീന, എംഎൽഎമാരായ സി.കെ.ഹരീന്ദ്രൻ,എം.വിൻസെന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,അംഗങ്ങളായ എ.അജികുമാർ,ജി.സുന്ദരേശൻ, കൊട്ടാരം പ്രതിനിധി രാജരാജവർമ, കന്യാകുമാരി ദേവസ്വം പ്രസിഡന്റ് പ്രഭ ജി. രാമകൃഷ്ണൻ, മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ, അംഗം ഗ്രാമം പ്രവീൺ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, അയ്യപ്പ സേവാസംഘം നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് ഒ.പി.അശോകൻ, ചെന്തിട്ട നവരാത്രി സമിതി പ്രസിഡന്റ് എ.വി.സുരേഷ്കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

ഇന്നു രാവിലെ കളിയിക്കാവിളയിൽ കേരള റവന്യു, ദേവസ്വം, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. നാളെ രാവിലെ നെയ്യാറ്റിൻകരയിൽനിന്നു തിരിക്കുന്ന ഘോഷയാത്ര വൈകിട്ട് കരമനയിലെത്തും.  സരസ്വതി ദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നാലിന് ആരംഭിക്കുന്ന നവരാത്രി പൂജ 13ന് സമാപിക്കും. ഒരു ദിവസത്തെ നല്ലിരുപ്പിനുശേഷം 15ന് ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ മടക്കയാത്ര 17നു പത്മനാഭപുരത്ത് എത്തിച്ചേരും.

നഗരത്തിൽ നാളെ ഗതാഗതം നിയന്ത്രിക്കും
തിരുവനന്തപുരം∙ നവരാത്രി വിഗ്രഹങ്ങൾ തലസ്ഥാനത്ത് എത്തുന്ന നാളെ രാവിലെ 11 മുതൽ നഗരത്തിൽ‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കരമന–കളിയിക്കാവിള ദേശീയപാതയിൽ പള്ളിച്ചൽ മുതൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വരെയുള്ള റോഡിലാണ് ഗതാഗത ക്രമീകരണം. 

നവരാത്രി ഘോഷയാത്ര കടന്നുപോകുന്ന റോഡുകളിൽ ഹെവി വാഹനങ്ങൾ ഉൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഘോഷയാത്ര കരമന ആവടിയമ്മൻ ക്ഷേത്രത്തിൽ എത്തുന്ന സമയം കരമന-കിള്ളിപ്പാലം റോഡിൽ ഗതാഗതം വഴിതിരിച്ചു വിടും. കരമന നിന്ന് തമ്പാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൽപ്പാളയം-കുഞ്ചാലുമൂട്-പൂജപ്പുര–ജഗതി- തൈക്കാട് വഴി പോകണം. തമ്പാനൂർ ഭാഗത്തു നിന്നു കരമനയിലേക്ക് ഗതാഗതത്തിന് തടസ്സമില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

English Summary:

A vibrant procession carrying the Navaratri idols of Saraswati Devi, Kumaraswamy, and Munnootinanga from Padmanabhapuram Palace to Thiruvananthapuram is underway. The ceremonial handover of the 'Udaval' sword marked the commencement, with thousands participating in the rituals and festivities. The procession will reach Thiruvananthapuram tomorrow, leading to traffic regulations in the city.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com