കഷായത്തിൽ വിഷം ചേർത്തു നൽകി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; ഗ്രീഷ്മയുടെ വിചാരണ 15 മുതൽ
Mail This Article
നെയ്യാറ്റിൻകര ∙ വിഷം ചേർത്ത കഷായം നൽകി യുവതി സുഹൃത്തിനെ കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ 15 മുതൽ തുടങ്ങും. പാറശാല സമുദായപ്പറ്റ് ജെ.പി.ഭവനിൽ ഷാരോൺ രാജ് കൊല്ലപ്പെട്ട കേസിൽ ദേവിയോട് രാമവർമൻചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരാണ് മറ്റു പ്രതികൾ. തട്ടിക്കൊണ്ടു പോകൽ, വിഷം നൽകി അപായപ്പെടുത്തൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഷാരോൺ രാജിനെ പ്രലോഭിപ്പിച്ച് 2022 ഒക്ടോബർ 14ന് രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.