വിദ്യാദേവതയ്ക്കു സമർപ്പണമായി ഇന്ന് പൂജവയ്പ്; 13ന് വിദ്യാരംഭം
Mail This Article
തിരുവനന്തപുരം∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഇന്നു വൈകിട്ട് പൂജവയ്പിനു തുടക്കമാകും. 13ന് ആണ് വിദ്യാരംഭം. പഠനോപകരണങ്ങളും തൊഴിൽ ആയുധങ്ങളും ദേവിക്കു മുന്നിൽ സമർപ്പിച്ചു പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പൂജവയ്പിനും നവരാത്രി ആഘോഷത്തിനുമുള്ള ഒരുക്കങ്ങൾ പൂർണമായി.
നഗരത്തിൽ പൂജപ്പുര സരസ്വതി മണ്ഡപം, ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതി, ്രശീപത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ ദേവീക്ഷേത്രം, വെങ്ങാനൂർ പൗർണമിക്കാവ് എന്നിവിടങ്ങളിൽ പൂജവയ്പ് നടക്കും. ജില്ലയിലെ മറ്റ് പ്രധാന ദേവീക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ക്ഷേത്ര സമിതികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭജനകളും സംഗീത, നൃത്ത, കലാപരിപാടികളും നടന്നുവരുന്നു.
പൂജവയ്പ് എങ്ങനെ
അറിവിനെ ആരാധിക്കുന്നതിന്റെ പ്രാധാന്യത്തെയാണ് നവരാത്രി നാളുകൾ ഉയർത്തിക്കാട്ടുന്നത്. പുസ്തകങ്ങളും പുണ്യഗ്രന്ഥങ്ങളുമാണ് പൂജയ്ക്കു വയ്ക്കുന്നത്. നവമി നാളിൽ കർമ മണ്ഡലങ്ങളുയി ബന്ധപ്പെട്ട പണിയായുധങ്ങളും ദേവിക്കു മുന്നിൽ സമർപ്പിച്ചു പ്രാർഥിക്കുന്നു. ക്ഷേത്രങ്ങൾക്കു പുറമേ വീടുകളിലും പൂജവയ്ക്കാറുണ്ട്.