ADVERTISEMENT

തിരുവനന്തപുരം∙ എല്ലാ മാസവും തുടക്കത്തിൽതന്നെ ശമ്പളം ലഭിക്കുകയെന്നതു കെഎസ്ആർടിസി ജീവനക്കാരുടെ ആഗ്രഹമാണെന്നും അതിന് ഉടൻ തീരുമാനമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം ഒന്നിച്ചു നൽകിത്തുടങ്ങിയതിന്റെ അടുത്തഘട്ടമായി എല്ലാ മാസവും ഒന്നാം തീയതിയോ രണ്ടാം തീയതിയോ ശമ്പള വിതരണം നടത്തുമെന്ന മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രഖ്യാപനം ആവർത്തിച്ച മുഖ്യമന്ത്രി, നല്ലൊരു ഭാവിയിലേക്കു കെഎസ്ആർടിസി കുതിക്കുകയാണെന്നും പറഞ്ഞു. കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയതായി നിരത്തിലിറക്കിയ 10 സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസുകളുടെ ഫ്ലാഗ്ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കെഎസ്ആർടിസി തനത് ഫണ്ട് ഉപയോഗിച്ചാണ് ബസുകൾ നിരത്തിലിറക്കിയത്. എസി ബസിൽ യാത്രക്കാർക്ക് തുടക്കത്തിൽ സൗജന്യമായും കൂടുതൽ ആവശ്യമെങ്കിൽ പണമടച്ചും ഉപയോഗിക്കാവുന്ന വൈഫൈ സൗകര്യമുണ്ട്. എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, വായനയ്ക്കുള്ള ലൈറ്റ്, വിഡിയോ ഡിസ്പ്ലേ, മ്യൂസിക് സിസ്റ്റം, മാഗസിൻ പൗച്ച്, ബോട്ടിൽ വയ്ക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

സിസിടിവി ക്യാമറകൾ, ഡ്രൈവറുടെ മുഖഭാവത്തിൽ നിന്ന് ഉറക്കത്തിന്റെ ലക്ഷണം കണ്ടെത്തി ജാഗ്രത നൽകാനുള്ള അലാം സംവിധാനം, ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയോ ചെയ്താൽ ബസിലും കൺട്രോൾ റൂമിലും അറിയിക്കുന്നതിന് നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള ക്യാമറ സംവിധാനം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങളുമുണ്ട്. 40 യാത്രക്കാർക്കു ഇരിക്കാവുന്ന വിധം 35 പുഷ്ബാക് സീറ്റുകളും 5 ഹൈബാക്ക് സീറ്റുകളും എല്ലാ സീറ്റിലും ബെൽറ്റുമുണ്ട്. മന്ത്രി കെ.ബി.ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കെഎസ്ആർടിസി സിഎംഡി പി.എസ്.പ്രമോദ് ശങ്കർ, കൗൺസിലർ ഡി.ജി.കുമാരൻ, ആനന്ദ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഡിസൈൻ മന്ത്രിയുടെ മകൻ വക 
മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ മകൻ ആദിത്യ ഗണേഷും സുഹൃത്ത് കരമന സ്വദേശി അമൽ ജോക്കിനും ചേർന്നാണ് പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിന്റെ ഡിസൈൻ തയാറാക്കിയത്. കെഎസ്ആർടിസി എന്ന് ഇംഗ്ലിഷിൽ നീല, പച്ച നിറങ്ങളിൽ വ്യത്യസ്ത വലുപ്പത്തിൽ ബസിന്റെ വെള്ള ബോഡിയുടെ വശങ്ങളിൽ എഴുതിയിരിക്കുന്നതാണ് പുതിയ ഡിസൈൻ മാറ്റം. 

പുതുമയും യുവത്വവും അനുഭവിപ്പിക്കുന്ന ഡിസൈനിന്റെ ഭാഗമായി സീറ്റുകൾക്കും ജനാല കർട്ടനും നീല നിറമാണു നൽകിയിരിക്കുന്നത്. യുകെയിൽ ഓട്ടമോട്ടീവ് ട്രാൻസ്പോർട്ടേഷൻ ഡിസൈൻ കോഴ്സ് പാസായ ഇരുവരും പ്രോജക്ടിന്റെ ഭാഗമായി ലണ്ടൻ ട്രാൻസ്പോർട്ടിനു വേണ്ടി ഡിസൈൻ തയാറാക്കിയിട്ടുണ്ടെന്ന് ആദിത്യ പറഞ്ഞു. പുതിയ ബസ് നിരത്തിലിറക്കുന്നതിനെപ്പറ്റി അറിഞ്ഞപ്പോൾ നിർമാതാക്കളായ ടാറ്റയുമായി സഹകരിച്ചാണ് ഡിസൈൻ തയാറാക്കി നൽകിയത്. എളുപ്പം അറ്റകുറ്റപ്പണികൾ നടത്താനാകുന്ന വിധമാണ് ബസിന്റെ രൂപകൽപനയെന്നും ഇരുവരും പറഞ്ഞു.

പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകളുടെ സർവീസുകൾ
1. തിരുവനന്തപുരം –കോട്ടയം –മൂവാറ്റുപുഴ– തൃശൂർ (വൈകിട്ട് 5ന് തിരിക്കും)
തിരുവനന്തപുരം –കൊട്ടാരക്കര (120 രൂപ)
തിരുവനന്തപുരം –കോട്ടയം (240)
തിരുവനന്തപുരം –മൂവാറ്റുപുഴ( 330)
തിരുവനന്തപുരം–അങ്കമാലി (380)‌
തിരുവനന്തപുരം –തൃശൂർ (450) 
2. തിരുവനന്തപുരം–കോട്ടയം–വൈറ്റില –തൃശൂർ (രാത്രി 10.05ന് തിരിക്കും)
3. തിരുവനന്തപുരം –കോട്ടയം–മൂവാറ്റുപുഴ –അങ്കമാലി–പാലക്കാട് (രാത്രി 8.15ന് തിരിക്കും)
4. തിരുവനന്തപുരം–കോട്ടയം–വൈറ്റില–ബൈപാസ് പാലക്കാട് (രാവിലെ 6ന് തിരിക്കും)
5. തിരുവനന്തപുരം–വാളകം–പത്തനാപുരം–പത്തനംതിട്ട–പാലാ–തൊടുപുഴ (രാവിലെ 6.45ന് തിരിക്കും)

English Summary:

Kerala CM Pinarayi Vijayan addressed KSRTC employees' concerns by stating that a decision regarding monthly salary disbursement at the beginning of the month would be made soon. He inaugurated the launch of 10 new Superfast Premium AC buses under KSRTC Swift, equipped with modern amenities like Wi-Fi, charging ports, and entertainment systems.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com