വ്യാപാരിയെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസ്: പ്രതികൾ പിടിയിൽ

Mail This Article
നെയ്യാറ്റിൻകര ∙ ക്വട്ടേഷൻ നൽകി പെരുമ്പഴുതൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്ത പെരുമ്പഴുതൂർ വണ്ടന്നൂർ പാരഡൈസിൽ വിനോദ് കുമാർ (43), കാരക്കോണം കുന്നത്തുകാൽ വണ്ടിത്തടം ആലക്കോട്ടുകോണം ആന്റണി ഭവനിൽ മനോജ് എന്നു വിളിക്കുന്ന ആന്റണി (42) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഈ സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത മുണ്ടേല കൊക്കോതമംഗലം മേലേവിള വീട്ടിൽ രഞ്ജിത്ത് (34), തുമ്പോട് ഒഴുക്കുപാറ എസ്.ജി.ഭവനിൽ സാം (29), മഞ്ച പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടിൽ സുബിൻ (32) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
പെരുമ്പഴുതൂരിൽ പലവ്യഞ്ജന കട നടത്തുന്ന, കരിപ്രക്കോണം സ്വദേശി രാജനെ (60) ആണ് ഇവർ കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 28ന് രാത്രി 11.30ന് വിഷ്ണുപുരം ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം. കട അടച്ച ശേഷം വീട്ടിലേക്ക് സ്കൂട്ടറിൽ പോയ രാജനെ, കാറിലെത്തിയ സംഘം ഇടിച്ചു തെറിപ്പിച്ചു. റോഡിൽ വീണപ്പോൾ വാളിനു വെട്ടിയും കമ്പി ഉപയോഗിച്ചു തലയ്ക്ക് അടിച്ചും ഗുരുതരമായി പരുക്കേൽപിച്ചു. മരിച്ചുവെന്ന് കരുതിയാണ് സംഘം പിൻമാറിയത്. ആക്രമണത്തിന് വിധേയനായെങ്കിലും രാജന്റെ പക്കൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. ഇതോടെ മോഷണ ശ്രമം അല്ല പിന്നിലെന്ന് തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്വട്ടേഷൻ സംഘത്തിലെ 3 പേരെ പിടികൂടിയത്. പിന്നാലെ ക്വട്ടേഷൻ നൽകിയവരും വലയിലായി.
രാജന്റെ കടയുടെ സമീപം മറ്റൊരു കട നടത്തുന്നയാളാണ് ഒന്നാം പ്രതി വിനോദ്. ഇയാളുടെ സ്ത്രീ സുഹൃത്തിനെ രാജൻ അപമാനിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാൻ കാരണമായത്. 20,000 രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. ക്വട്ടേഷൻ സംഘാങ്ങൾക്ക് നേരിട്ട് വിനോദിനെ പരിചയമില്ലായിരുന്നു. ഇതാണ് ഒന്നാം പ്രതിയെ പിടികൂടുന്നത് വൈകാൻ കാരണം. പിന്നീട് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ഷാജിയുടെയും സിഐ: എസ്.ബി.പ്രവീണിന്റെയും നേതൃത്വത്തിൽ പൊലീസ് നടത്തിയ ചിട്ടയുള്ളതും ശാസ്ത്രീയവുമായ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അന്വേഷണ സംഘത്തിൽ എസ്ഐ: എസ്.വി.ആശിഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.അരുൺ കുമാർ, ബിനോയ് ജസ്റ്റിൻ, ആർ.ജെ.ലെനിൻ എന്നിവരുമുണ്ടായിരുന്നു.