ലക്ഷങ്ങൾ മുടക്കിയ തോളൂർ വോളിബോൾ സ്റ്റേഡിയം കാടുപിടിച്ചു

Mail This Article
കല്ലമ്പലം∙ കായിക പ്രേമികൾ ധാരാളമുള്ള നാവായിക്കുളം പഞ്ചായത്തിലെ തോളൂരിൽ ലക്ഷങ്ങൾ ചെലവാക്കി ആധുനിക രീതിയിൽ നിർമിച്ച വോളിബോൾ സ്റ്റേഡിയം കാടുകയറി നാശത്തിൽ ആയിട്ടും നടപടി ഇല്ലെന്ന് ആക്ഷേപം. കായിക താരങ്ങളും വിദ്യാർഥികളും കായിക പരിശീലനത്തിനായി മികച്ച കളിക്കളങ്ങൾ തേടി പോകുന്ന കാലത്താണ് ഒരേക്കറോളം വരുന്ന സ്ഥലത്തെ എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരുന്ന തോളൂരിലെ കളിക്കളം അനാഥമാകുന്നത്.
അറ്റകുറ്റ പണികൾ നടത്താത്തതു കാരണം നിറയെ കാടു കയറി ഉപകരണങ്ങൾ തുരുമ്പെടുത്ത സ്ഥിതിയിലാണ്. ഇപ്പോൾ ഇത് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയതായി നാട്ടുകാർ പറയുന്നു. 13 വർഷം മുൻപാണ് ഇവിടെ സ്റ്റേഡിയം നിർമിച്ചത്. ആദ്യകാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഡിയം ഒരു വർഷം മുൻപാണ് അനാഥമാകാൻ തുടങ്ങിയത്.
വോളിബോൾ കളിക്കുന്നതിനുള്ള ലക്ഷങ്ങളുടെ സാധന സാമഗ്രികൾ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് പരാതി. സ്റ്റേഡിയം വരുന്നതിന് മുൻപ് സ്ഥലത്ത് ചന്ത പ്രവർത്തിച്ചിരുന്നു. നാവായിക്കുളം പഞ്ചായത്തിലെ നൂറുകണക്കിന് ആളുകൾ കാർഷിക ഉൽപന്നങ്ങൾ വിൽക്കുവാനും വാങ്ങുവാനും ഈ ചന്തയെ ആശ്രയിച്ചിരുന്നു. അധികൃതരുടെ അനാസ്ഥ മൂലം ചന്തയും നാശോന്മുഖമായി.
അതോടെ ആണ് സ്റ്റേഡിയം പണിതത്. ഇപ്പോൾ ചന്തയും സ്റ്റേഡിയവും ഇല്ലാത്ത സ്ഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും എംഎൽഎ ഫണ്ടും കൂടി 20 ലക്ഷത്തോളം രൂപ ചെലവിട്ടാണ് കളിസ്ഥലം പണിതത്. ആദ്യ കാലത്ത് പഞ്ചായത്തിന് പുറത്ത് നിന്നു പോലും ധാരാളം കായിക പ്രേമികൾ ഇവിടെ പരിശീലനത്തിനും മറ്റുമായി എത്തിയിരുന്നു. പിന്നീട് മികച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ കായിക താരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനങ്ങളും ആരംഭിച്ചു.
വോളിബോൾ മത്സരങ്ങളും അരങ്ങേറി. ഇപ്പോൾ കാടു മൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ഒരു നാടിന്റെ കായിക മുന്നേറ്റത്തിന് വർഷങ്ങളോളം വെളിച്ച പകർന്ന സ്റ്റേഡിയം അധികൃതരുടെ അനാസ്ഥ കാരണം നശിപ്പിക്കരുത് എന്നും തുരുമ്പെടുത്ത് കാലഹരണപ്പെടുന്ന വില കൂടിയ ലൈറ്റുകൾ ഉൾപ്പെടെ അറ്റകുറ്റ പണികൾ ചെയ്ത് കാട് വൃത്തിയാക്കി വീണ്ടും കായിക പ്രേമികൾക്കായി സ്റ്റേഡിയം തുറക്കണം എന്നും സിപിഐ വർക്കല മണ്ഡലം കമ്മിറ്റി അംഗം മുല്ലനല്ലൂർ ശിവദാസൻ ആവശ്യപ്പെട്ടു.