ഗുണ്ടാപ്പിരിവ് നൽകിയില്ല; സഹോദരന്മാർ ഹോട്ടൽ ജീവനക്കാരനെ വെട്ടി

Mail This Article
കഴക്കൂട്ടം∙ ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ വൈരാഗ്യത്തിൽ സഹോദരങ്ങളായ ഗുണ്ടകൾ കഴക്കൂട്ടത്തെ ഹോട്ടലിൽ കയറി ജീവനക്കാരനെ വെട്ടി. കഴക്കൂട്ടം ജംക്‌ഷനിൽ പ്രവർത്തിക്കുന്ന കഫീ കൽപാത്തി എന്ന ഹോട്ടലിലെ ജീവനക്കാരൻ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാൻ (23) നാണ് പരുക്കേറ്റത്. കൈക്കു സാരമായി പരുക്കുള്ള തൗഫീഖ് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ കഴക്കൂട്ടം ശിവനഗർ എസ്എൽ ഭവനിൽ സഹോദരങ്ങളായ വിജീഷ് (37), വിനീഷ് (35) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ബുധൻ രാത്രി 12 മണിയോടെ വിജീഷും വിനീഷും ചേർന്ന് ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ വെട്ടുകത്തിയും വാളും കാണിച്ച് വിരട്ടി പുറത്താക്കി.
തുടർന്ന് ചായ അടിച്ചു കൊണ്ടു നിന്ന തൗഫിഖ് റഹ്മാന്റെ കഴുത്തിൽ വെട്ടി. കൈകൊണ്ടു തടഞ്ഞതിനാൽ കൈക്കു ഗുരുതരമായി പരുക്കേറ്റു . ചോര ഒലിപ്പിച്ച് ഓടിയ തൗഫീക്കിനെ പൊലീസ് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തൗഫീക്കിനെ വെട്ടിയ ശേഷം ഇരുവരും ചേർന്ന് ഹോട്ടലിലെ ക്യാഷ് കൗണ്ടറിൽ നിന്നും 12,000 രൂപ മോഷ്ടിക്കുകയും പെടിഎം യന്ത്രവും ഇലക്ട്രോണിക്സ് സാധനങ്ങളും ഫർണിച്ചറുകളും വലിച്ചെറിയുകയും ചെയ്തു. മണിക്കുറുകൾക്കുള്ളിൽ ഇവരെ കഴക്കൂട്ടം പൊലീസ് പിടികൂടി. ഒരാഴ്ച മുൻപ് വിജീഷ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെടുകയും ഹോട്ടൽ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരുമായി തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. അന്നുണ്ടായ പിടിവലിയിൽ വിജീഷ് വീണു തലയ്ക്കു പരുക്കേറ്റിരുന്നു.