ജില്ലാ സ്കൂൾ കലോത്സവം: ഫലത്തെ തുടർന്ന് തർക്കം; വിധികർത്താക്കളെ മുറിക്കുള്ളിൽ പൂട്ടിയിട്ടു
Mail This Article
നെയ്യാറ്റിൻകര ∙ ജില്ലാ സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം ‘സംഘനൃത്ത’ മത്സരത്തിൽ വിധിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിധികർത്താക്കളെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. സംഘാടകരും പൊലീസും അനുനയിപ്പിച്ചതിനെ തുടർന്ന് 4 മണിക്കൂറിനു ശേഷം മോചിപ്പിച്ചു. സംഘനൃത്തം ഇന്നലെ പുലർച്ചെ നാലരയോടെയാണ് അവസാനിച്ചത്. ഫലം പുറത്തു വന്നപ്പോൾ വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. ഇതോടെ കോട്ടൺഹിൽ എച്ച്എസ്എസിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വിധികർത്താക്കൾക്കു നേരെ തട്ടിക്കയറുകയായിരുന്നു.
സംഘർഷത്തിന്റെ വക്കോളമെത്തിയപ്പോൾ വിധികർത്താക്കൾ ഓടി മുറിക്കുള്ളിൽ കയറി. ഇതോടെ മുറിയുടെ മുന്നിൽ പ്രതിഷേധം തുടങ്ങി. വിധികർത്താക്കളുമായി കാർമൽ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബന്ധമുണ്ടെന്നായിരുന്നു കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർഥികളുടെ ആരോപണം. ഇവർ വിധികർത്താക്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സംഘാടക സമിതിക്ക് കത്തും നൽകിയിരുന്നു.