എങ്ങനെ ഒഴിയും.. കണ്ണിമേറാ മാർക്കറ്റ് ; വ്യാപാരികൾ ആശങ്കയിൽ
Mail This Article
തിരുവനന്തപുരം ∙ സാധനങ്ങൾ മാറ്റുന്നതിന് ആവശ്യത്തിന് സമയം അനുവദിക്കാതെ, 3 ദിവസത്തിനകം നിലവിലെ കടമുറികൾ ഒഴിയണമെന്ന കോർപറേഷന്റെ നിർദേശത്തിൽ പ്രതിഷേധവുമായി പാളയം കണ്ണിമേറ മാർക്കറ്റിലെ വ്യാപാരികൾ. സ്മാർട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മാർക്കറ്റ് നവീകരിക്കുന്നതിന് മുന്നോടിയായാണ് താൽക്കാലിക പുനരധിവാസ കേന്ദ്രത്തിലേക്ക് മാറണമെന്ന് വ്യാപാരികളോട് കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 21 ന് നൽകിയ നോട്ടിസിന്റെ കാലാവധി 24 ന് അവസാനിച്ചെങ്കിലും പുനരധിവാസ കേന്ദ്രത്തിലെ അസൗകര്യങ്ങൾ കാരണം ഒരാൾ പോലും കടമുറികൾ ഒഴിഞ്ഞിട്ടില്ല.
18.37 കോടി മുടക്കിയാണ് പുതിയ കെട്ടിട സമുച്ചയം കണ്ണിമേറ മാർക്കറ്റിൽ നിർമിക്കുന്നത്. ഇതിനായി നിലവിൽ കച്ചവടം നടത്തുന്ന സ്ഥലത്തു നിന്ന് 301 വ്യാപാരികളെ മാറ്റി പാർപ്പിക്കണം. താൽക്കാലിക പുനരധിവാസ കേന്ദ്രം തൊട്ടടുത്തായി നിർമിച്ച്, നറുക്കെടുപ്പിലൂടെ വ്യാപാരികൾക്ക് ഇവിടെ കടമുറികൾ അനുവദിച്ചു. എന്നാൽ വ്യാപാരികൾ ഇവിടേക്ക് മാറാൻ സന്നദ്ധരാകാത്തതിനെ തുടർന്നാണ് കഴിഞ്ഞ 21 ന് കോർപറേഷൻ നോട്ടിസ് നൽകിയത്. എന്നാൽ താൽക്കാലിക കെട്ടിടത്തിലെ പോരായ്മകൾ പരിഹരിക്കാതെ മാറാൻ കഴിയില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
പുതിയ കെട്ടിട സമുച്ചയം 3 ബ്ലോക്കുകളായി
64,476 ചതുരശ്ര അടി വിസ്തീർണത്തിൽ 3 ബ്ലോക്കുകളായാണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ അഭിമുഖമായി നിൽക്കുന്ന രീതിയിലാണ് നിലവിലെ മാർക്കറ്റിന്റെ ഘടന. ഇതു പൂർണമായി മാറ്റും. ചതുരാകൃതിയിലാണ് പുതിയ കെട്ടിട സമുച്ചയത്തിന്റെ രൂപകൽപന. ഒരുവശത്ത് ഇപ്പോഴുള്ളതിന്റെ അതേ മാതൃകയിൽ കൂറ്റൻ കവാടം. മറ്റു 3 വശങ്ങളിലായി "റ" മാതൃകയിൽ 3 ബ്ലോക്കുകൾ. പഴം– പച്ചക്കറി, പലവ്യഞ്ജനം, മത്സ്യ– മാംസ വിൽപന കടകളെ പ്രത്യേകം പ്രത്യേകം ബ്ലോക്കുകളിലാക്കും.
ലോഡ് ഇറക്കാൻ സംവിധാനമില്ല; വായു സഞ്ചാരവും
താൽക്കാലിക കെട്ടിടത്തിൽ വൈദ്യുതി, വെള്ള കണക്‌ഷനുകൾ ഇല്ലെന്ന് വ്യാപാരികൾ ആരോപിച്ചു. സമീപത്തെ മാലിന്യക്കൂന നീക്കം ചെയ്തിട്ടില്ല. 45–50 ചതുരശ്ര അടി വിസ്തീർണമുള്ള കടകൾക്കുള്ളിൽ വായു സഞ്ചാരത്തിന് സംവിധാനങ്ങളില്ല. ചില കടകൾക്കുള്ളിൽ ഷെൽഫുകൾ ഘടിപ്പിക്കാനും സാധ്യമല്ല. ചുവരുകൾക്ക് ആവശ്യത്തിന് ബലം ഇല്ലാത്തതിനാൽ മോഷണ ഭയവും ഉണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ഒരേ രീതിയിലുള്ള കച്ചവടങ്ങൾക്ക് അടുത്തടുത്ത് സ്ഥലം നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും കടകൾക്ക് നമ്പർ നൽകിയിരിക്കുന്നത് അപ്രകാരമല്ല. മൂന്നാം നിലയിലെ പച്ചക്കറിക്കടകളിലേക്ക് ലോഡ് ഇറക്കാൻ സംവിധാനമില്ല. ലിഫ്റ്റിന്റെ പണി പൂർത്തിയായിട്ടില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.