പൂവച്ചൽ സ്കൂൾ വിദ്യാർഥികൾ തമ്മിലടിച്ച സംഭവം: കെഎസ്‌യു പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
Mail This Article
കാട്ടാക്കട ∙ പൂവച്ചൽ സ്കൂളിൽ വിദ്യാർഥികൾ തമ്മിലടിച്ച സംഭവത്തിൽ പൊലീസ് ഏകപക്ഷീയമായി വിദ്യാർഥി വേട്ട നടത്തുന്നുവെന്ന് ആരോപിച്ച് കെഎസ്‌യു കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഗോകുൽ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, ജില്ല വൈസ് പ്രസിഡന്റ് എം.എസ്.അഭിജിത് അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.സച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും നൽകാത്ത പേരുകാരെ പൊലീസ് തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നെന്നും ഇപ്പോൾ റിമാൻഡിലായ കിള്ളി സ്വദേശി സൗരവിന്റെ പേര് സ്കൂൾ അധികൃതർ നൽകിയില്ലെന്നും സമരക്കാർ ആരോപിച്ചു. എന്നാൽ സ്കൂളിൽ നിന്നും നൽകിയ പട്ടികയിലെ 3–ാം പേരുകാരനാണ് ഇയാളെന്നു പൊലീസ് അറിയിച്ചു.
മാർച്ച് പൊലീസ് സ്റ്റേഷനു സമീപം തടഞ്ഞു. തിങ്കളാഴ്ച സ്കൂളിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിലടിച്ചതിൽ പ്രിൻസിപ്പൽ എൽ.ടി.പ്രിയക്കും കോൺഗ്രസ് പഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ ആർ.രാഘവ ലാലിനും അധ്യാപകർക്കും മർദനമേറ്റിരുന്നു. 18 വിദ്യാർഥികളെ സ്കൂളിൽനിന്നു താൽക്കാലികമായി പുറത്താക്കി. പ്രായപൂർത്തിയായ ഒരാളെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പേരുകാരൻ ഉൾപ്പെടെ ഭരണപക്ഷ വിദ്യാർഥി സംഘടനയുടെ നേതാവാണെന്നും ഇവരെ പൊലീസ് കണ്ടില്ലെന്നു നടിക്കുന്നുവെന്നു നേതാക്കൾ ആരോപിച്ചു.