പാലോട്ട് മൂന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
Mail This Article
പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ കുറുന്താളി, വടക്കേവിള, പേരക്കുഴി എന്നീ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് കടിയേറ്റു. നായയ്ക്ക് പേവിഷബാധ സംശയിക്കുന്നു. കുറുന്താളി അജീഷ് ഭവനിൽ രൂപിക(19), ലക്ഷംവീട് സ്വദേശി സാറാമ്മ( 62), വടക്കേവിള സജിഭവനിൽ രാജമ്മ(72), എന്നിവർക്കാണ് കടിയേറ്റത്.
തെരുവുനായ ഭീഷണി വ്യാപകം; അനങ്ങാതെ അധികൃതർ
തിരുവനന്തപുരം ∙ ജില്ലയിൽ പല സ്ഥലങ്ങളിലും തെരുവു നായ ഭീഷണി ഉയർന്നിട്ടും തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും അനങ്ങുന്നില്ലെന്നു പരാതികൾ. പൂങ്കുളം ഹോളി സ്പിരിറ്റ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തെരുവുനായ കടിച്ചതും നിരത്തുകളിൽ തെരുവു നായകൾ സജീവമായതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വെള്ളനാട്, വിഴിഞ്ഞം, വെള്ളറ, കിളിമാനൂർ, വെഞ്ഞാറമൂട്, വർക്കല, വിതുര, കാട്ടാക്കട, തൊളിക്കോട് തുടങ്ങിയ മേഖലകളിൽ തെരുവുനായ ആക്രമങ്ങളെക്കുറിച്ച് ഒട്ടേറെ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നു മാസം മുൻപു തിരുവനന്തപുരം നഗരത്തിൽ 2 നായകൾ 36 പേരെയാണ് ആക്രമിച്ചത്.
കൂട്ടത്തോടെ എടുത്ത തെരുവു നായകൾ ഇരുചക്ര യാത്രക്കാർക്കും ഭീഷണിയാകുന്നു. ഇത്തരം സംഭവങ്ങളിൽ പരുക്കേൽക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഭക്ഷണമാലിന്യം വർധിക്കുന്നതും വന്ധ്യംകരണം നടക്കാത്തതുമാണു നായകളുടെ ശല്യം വർധിപ്പിക്കുന്നത്. ആക്രമണം വർധിക്കുമ്പോൾ വന്ധ്യംകരണം വേഗത്തിലാക്കുമെന്നു കോർപറേഷൻ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങൾ പ്രഖ്യാപിക്കും.
നാട്ടുകാരുടെ പ്രതിഷേധം തണുക്കുന്നതോടെ അധികൃതർ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കും. മൃഗസ്നേഹികൾ മാത്രമാണ് ഇപ്പോൾ വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വന്ധ്യംകരിക്കുന്ന പ്രവർത്തിക്കുന്ന നായകൾക്ക് ആക്രമണ സ്വഭാവം കുറവായിരിക്കും. എന്നാൽ ആക്രമണം വർധിക്കുമ്പോൾ നായകളെ കൊല്ലണമെന്ന ആവശ്യം ഉയരും. ഇതിനെയാണു മൃഗസ്നേഹികൾ എതിർക്കുന്നത്.