ജീവൻ രക്ഷിക്കുന്നവർക്കും വേണം ‘റെസ്ക്യൂ’; ആൾക്ഷാമത്തിൽ വലഞ്ഞ് ലൈഫ് ഗാർഡുകൾ, രക്ഷാ ഉപകരണങ്ങളുമില്ല
Mail This Article
വർക്കല ∙ ബീച്ചുകളിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകളും സുരക്ഷാ ഉപകരണങ്ങളും ഇല്ലാത്ത അവസ്ഥയോടു ടൂറിസം അധികാരികൾ കണ്ണടക്കുന്നുവെന്ന് ആക്ഷേപം. നിലവിൽ പാപനാശത്തും തൊട്ടടുത്ത ബീച്ചായ തിരുവമ്പാടിയിലും മാത്രമാണ് ലൈഫ് ഗാർഡ് ഉള്ളത്. കഴിഞ്ഞ 10 വർഷമായി പാപനാശത്ത് ഇരട്ടിയിലധികം സന്ദർശകർ കൂടി. 2012 മുതൽ 2024 വരെ 14 പേർ ലൈഫ് ഗാർഡ് ജോലിയിൽനിന്നു വിരമിച്ചെങ്കിലും പകരം പുതിയ ആളുകളെ നിയോഗിച്ചിട്ടില്ല. പകരം അവശേഷിക്കുന്ന രണ്ടു സൂപ്പർവൈസർമാർ ഉൾപ്പെടെ 12 പേരിൽ 6 പേർ വീതമാണ് ഓരോ ദിവസവും തീരം കാക്കാൻ നിൽക്കുന്നത്. മൊത്തം അംഗസംഖ്യ 24 ആക്കണമെന്ന ആവശ്യവും ടൂറിസം വകുപ്പ് പരിഗണിക്കുന്നില്ല.
വർക്കല തീരം ചേർന്നു ക്ലിഫ് സ്ഥിതി ചെയ്യുന്നതിനാൽ പാറക്കൂട്ടങ്ങൾക്ക് സമീപവും രക്ഷാപ്രവർത്തനം നടത്തുന്നത് ദുഷ്കരമാണ്. നിരന്തരം തിരയടിക്കുന്നതു കാരണം പലപ്പോഴും ശ്രമകരമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതെന്നു സൂപ്പർവൈസർ എ.സക്കീർ പറയുന്നു. അടുത്തകാലത്ത് രണ്ടുപേർ മുങ്ങി മരിച്ച ആലിയിറക്കം–ഏണിക്കൽ ബീച്ചിൽ ഒരാളെ പോലും നിയോഗിച്ചിട്ടില്ല. 8 കിലോമീറ്റർ വടക്കു മാറിയുള്ള കാപ്പിൽ ബീച്ചിൽ ഒരാൾ മാത്രമാണ് ലൈഫ് ഗാർഡായി പ്രവർത്തിക്കുന്നത്. ഇവിടെയും അധികമായി ഒരാളെ നിയമിക്കുകയോ രക്ഷാ ഉപകരണങ്ങളുടെ വിതരണമോ നടന്നിട്ടില്ല.
അപകടത്തിൽ പെടുന്നവരെ കിടത്തിക്കൊണ്ടുവരുന്നതിനുള്ള റെസ്ക്യൂ ബോർഡും മുങ്ങാതിരിക്കാൻ ഉപയോഗിക്കുന്ന ട്യൂബും ആവശ്യത്തിനില്ല. വർഷങ്ങൾ പഴക്കമുള്ള നിലവിലെ ഉപകരണങ്ങൾ മാറ്റി പുതിയത് വിതരണം ചെയ്യണമെന്നു ടൂറിസം വകുപ്പിനു മുന്നിൽ ആവശ്യപ്പെട്ടിട്ടു മാസങ്ങൾ കഴിയുന്നു. ഡ്യൂട്ടി സ്ഥലങ്ങൾ കണക്കാക്കി ഒരു ഡസനോളം രക്ഷാ ഉപകരണങ്ങളാണ് വേണ്ടത്. വർഷാവസാനത്തിൽ സന്ദർശക പ്രവാഹം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ചുരുങ്ങിയ അംഗങ്ങളുമായി എങ്ങനെ ജോലിചെയ്യാൻ കഴിയുമെന്ന ആശങ്കയിലാണ് ലൈഫ് ഗാർഡുകൾ.