കോടതി ഉത്തരവിന് പുല്ലുവില; നടുറോഡിൽ ഫ്ലെക്സ് ബോർഡുകൾ
Mail This Article
ആറ്റിങ്ങൽ ∙ റോഡിനു മധ്യത്തിലും വശങ്ങളിലും യാത്രക്കാരുടെ കാഴ്ച മറയ്ക്കും വിധം ബോർഡുകൾ സ്ഥാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപിച്ച് ആറ്റിങ്ങൽ കച്ചേരി ജംക്‌ഷനിൽ ഫ്ലെക്സ് ബോർഡുകളും പരസ്യ ബോർഡുകളും സ്ഥാപിക്കുന്നത് പതിവാകുന്നു. ചിറയിൻകീഴ് –ആറ്റിങ്ങൽ റോഡ്, ബിടിഎസ് റോഡ്, പൊലീസ് സ്റ്റേഷൻ റോഡ് എന്നിവ ദേശീയപാതയുമായി സംഗമിക്കുന്ന തിരക്കേറിയ ഭാഗത്താണ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
റോഡിന് മധ്യത്തിലുള്ള സിഗ്നൽ ലൈറ്റിന്റെ തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇവ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നത് പലപ്പോഴും അപകടത്തിൽ ചെന്നെത്തിക്കുന്നു. ഫ്ലെക്സുകൾ കാരണം സിഗ്നൽ കാണാനും ബുദ്ധിമുട്ടാണ്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനും നഗരസഭാ ഓഫിസിനും താലൂക്ക് ഓഫിസിനും അടുത്തായി നടക്കുന്ന ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.