‘കേരളോത്സവം’ നോട്ടിസിൽ പ്രോട്ടോക്കോൾ ലംഘനമെന്ന് ആരോപണം
Mail This Article
വിതുര ∙ എൽഡിഎഫ് ഭരിക്കുന്ന വിതുര പഞ്ചായത്തിലെ ‘കേരളോത്സവ’ത്തിന്റെ സമാപന യോഗത്തിന്റെ നോട്ടിസിൽ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പേരിനും താഴെ പ്രോട്ടോക്കോൾ ലംഘിച്ച് കോൺഗ്രസ് പ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും പേര് വച്ചതായി ആക്ഷേപം. ജി.സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന സമാപനസമ്മേളനത്തിൽ അധ്യക്ഷ സിപിഐയിലെ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് ആണ്.
മുഖ്യപ്രഭാഷകയായി വൈസ് പ്രസിഡന്റ് ബി.എസ്.സന്ധ്യയുടെ പേരാണ് നോട്ടിസിൽ ഉള്ളത്. എന്നാൽ പ്രോട്ടോക്കോൾ പ്രകാരം വൈസ് പ്രസിഡന്റിനേക്കാൾ മുന്നിലുള്ള വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖയുടെയും ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസിന്റെയും പേരുകൾ മുഖ്യപ്രഭാഷണത്തിനു താഴെ ആശംസകൾ നേരുന്നവരുടെ കൂട്ടത്തിലാണ്. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് അംഗമായ കോൺഗ്രസ് പ്രതിനിധി എ.എം.ഷാജിയുടെ പേര് ഒഴിവാക്കുകയും ചെയ്തു.
കോൺഗ്രസ് ജനപ്രതിനിധികളെ മനഃപൂർവം അപമാനിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രോട്ടോക്കോൾ പാലിച്ച് നോട്ടിസ് മാറ്റി അച്ചടിക്കണമെന്നും അല്ലാത്ത പക്ഷം സമാപന സമ്മേളനം കോൺഗ്രസ് ജനപ്രതിനിധികൾ ബഹിഷ്ക്കരിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ഉവൈസ് ഖാൻ, മണ്ഡലം പ്രസിഡന്റുമാരായ ഇ.എം.നസീർ, വിഷ്ണു ആനപ്പാറ എന്നിവർ അറിയിച്ചു.