കുടുംബശ്രീ അംഗങ്ങൾ അറിയാതെ 20 ലക്ഷത്തിന്റെ വായ്പയെടുത്തെന്ന് പരാതി
Mail This Article
ആര്യനാട്∙ കുടുംബശ്രീ അംഗങ്ങൾ അറിയാതെ മുൻ സെക്രട്ടറി ലിങ്കേജ് വായ്പ എടുത്തെന്ന് പരാതിയിൽ ആര്യനാട് പഞ്ചായത്ത് അധികൃതർ അന്വേഷണം തുടങ്ങി. പൊട്ടൻചിറ വാർഡിലെ വിഷ്ണുനഗർ കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്തിൽ വിളിപ്പിച്ച് അസിസ്റ്റന്റ് സെക്രട്ടറി വിവരങ്ങൾ തേടി.സ്വയം തൊഴിൽ ചെയ്യാൻ വായ്പ എടുക്കുകയാണെന്നു പറഞ്ഞ് സെക്രട്ടറിയായിരുന്ന സന്ധ്യ കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്തെന്ന് കാട്ടിയാണ് മുൻ പ്രസിഡന്റ് ആതിര പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.
കൂടാതെ കുടുംബശ്രീയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയെന്നു പറയുന്നത് തന്റെ അറിവോടെയല്ലെന്നും മിനിറ്റ്സിൽ ഉള്ളത് കള്ള ഒപ്പ് ആണെന്നും ആതിര പറഞ്ഞു. ഇത്രയും തുക വായ്പ എടുത്തത് സിഡിഎസ് അധ്യക്ഷയുടെ അറിവോടെയാണെന്ന് പരാതിയിൽ ആക്ഷേപം ഉള്ളതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ റിപ്പോർട്ട് ജില്ലാ മിഷന് കൈമാറും.
അതേ സമയം ബാങ്ക് ജീവനക്കാർ കമ്മിറ്റിയിൽ വായ്പയുടെ വിശദ വിവരം അറിയിച്ചതിന് ശേഷമാണ് വായ്പ എടുത്തതെന്ന് മുൻ സെക്രട്ടറിയും ഇപ്പോഴത്തെ പ്രസിഡന്റുമായ എസ്.സന്ധ്യ പറഞ്ഞു. സ്ഥാനം ഒഴിയുന്നെന്ന് ആതിര തന്നെയാണ് സംഘത്തിൽ പറഞ്ഞതെന്നും മിനിറ്റ്സിൽ ഒപ്പിട്ടത് ആതിര തന്നെയാണെന്നും സന്ധ്യ പറഞ്ഞു. ലിങ്കേജ് വായ്പ എടുക്കുന്നതിനായി അയൽക്കൂട്ട കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ബാങ്കിലേക്ക് ശുപാർശ ചെയ്തതെന്ന് സിഡിഎസ് അധ്യക്ഷ ജെ.ആർ.സുനിത കുമാരിയും പ്രതികരിച്ചു.