വിഴിഞ്ഞം തുറമുഖം: തുറമുഖ–ദേശീയപാത റോഡ് വൈകാതെ നടപ്പാകും; ക്ലോവർ ലീഫ് മാതൃകയ്ക്ക് അനുമതി
Mail This Article
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്തു നിന്നുള്ള റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പദ്ധതി വൈകാതെ നടപ്പാകും. തുറമുഖ റോഡ് ബൈപാസുമായി ചേരുന്നതിനു രൂപകൽപന ചെയ്ത ക്ലോവർ ലീഫ് മാതൃകയ്ക്ക് ദേശീയ പാത അതോറിറ്റി അന്തിമാനുമതി നൽകിയതായാണ് വിവരം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നു തുറമുഖ– ദേശീയപാത റോഡു നിർമാണ പദ്ധതിക്ക് അംഗീകാരം നൽകി.
സ്ഥലം ഏറ്റെടുക്കൽ ശുപാർശകൾ കൂടി പരിഗണിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ. തുറമുഖ കവാടത്തിൽ നിന്നു തുടങ്ങി മുല്ലൂർ തലക്കോട് ഭാഗത്താണ് റോഡ് ബൈപാസുമായി ചേരുന്നത്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡും ഇവിടെ സംഗമിക്കുന്നുണ്ട്. ഗതാഗതം സുഗമാക്കുന്നതിനാണ് ക്ലോവർ ലീഫ് മാതൃകയിലെ രൂപകൽപന. തുറമുഖത്ത് നിന്നു ദേശീയ പാതയിലേക്കും ഔട്ടർ റിങ് റോഡിലേക്കും പലവഴി ഗതാഗതം സുഗമമാക്കുന്നതാണ് ഈ മാതൃക.
ക്ലോവർ ലീഫ്
നാലു വളയങ്ങൾ പരസ്‌പരം ചേർന്ന രൂപമാണ് ക്ലോവർ ലീഫ്. ഇത് കേരളത്തിലെ ആദ്യ രൂപകൽപനയാണെന്ന് അധികൃതർ പറഞ്ഞു. കൊച്ചി കുണ്ടന്നൂരിലും സമാന രൂപകൽപന വരുന്നുണ്ട്. ചെന്നൈ കത്തിപ്പാറയിലെ റോഡിന്റെ മാതൃകയിലാണ് ക്ലോവർ ലീഫ് പാത. ബൈപാസിലെ ഗതാഗതത്തെ ബാധിക്കാതെ തുറമുഖ റോഡിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും യാത്ര ചെയ്യുന്നതിന് പുതിയ സംവിധാനത്തിൽ സൗകര്യം ഉണ്ടാവും