ചലച്ചിത്ര മേള തുടങ്ങി; പുതുമയായി ഉദ്ഘാടന വേദിയിൽ ആംഗ്യഭാഷ

Mail This Article
തിരുവനന്തപുരം∙ എട്ടുനാൾ നീളുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അനന്തപുരിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളും മൂലധന ശക്തികളും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നതിനെ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉള്ളടക്കത്തിൽ മികവുള്ള സിനിമകൾ എടുത്ത് സാംസ്കാരിക പ്രവർത്തകർ ഇതിന് പ്രതിരോധം തീർക്കണം.
സിനിമയിലേക്ക് കടന്നു വരുന്ന സ്ത്രീകൾക്ക് അന്തസോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള സുരക്ഷയും അവസരവും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നര മണിക്കൂർ നീണ്ട പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ് തത്സമയം ഇന്ത്യൻ ആംഗ്യഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ ഡഫ് എജ്യൂക്കേറ്റർ സിൽവി മാക്സി മേനയുടെ പ്രകടനം ശ്രദ്ധേയമായി. വിദേശ പ്രതിനിധികൾ ഒട്ടേറെ പങ്കെടുക്കുന്ന ചലചിത്ര മേളയിൽ ആദ്യമായാണ് ബധിരവിഭാഗക്കാർക്കായുള്ള ഇന്ത്യൻ സൈൻ ലാംഗ്വേജ് മുദ്രകൾ വേദിയിലെത്തുന്നത്.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു. നടി ഷബാന ആസ്മി മുഖ്യാതിഥിയായി. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹൂയിയെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഷാജി എൻ. കരുൺ തുടങ്ങിയവർ പ്രസംഗിച്ചു.