പൊലീസിനെ ആക്രമിച്ച 4 പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ബിജെപി പ്രവർത്തകനും

Mail This Article
മാറനല്ലൂർ ∙ കഞ്ചാവ് കേസിലെ പ്രതിയെ തേടിപ്പോയ പൊലീസ് സംഘത്തെ ഒരു സംഘം ആക്രമിച്ചു. ഞായർ രാത്രി 11 മണിയോടെയാണ് സംഭവം. മാറനല്ലൂർ സബ് ഇൻസ്പെക്ടർ കിരൺശ്യാം, പൊലീസ് ഡ്രൈവർ അഖിൽ എന്നിവർക്കാണ് മർദനമേറ്റത്. സബ് ഇൻസ്പെക്ടറുടെ ഫോൺ പിടിച്ച് വാങ്ങി വലിച്ചെറിഞ ശേഷം മർദിക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. മാറനല്ലൂർ കോട്ടമുകൾ പുതുവൽ പുത്തൻ വീട്ടിൽ വിനോദിനെ(29) തേടിയെത്തിയ പൊലീസിനു നേരെയായിരുന്നു ആക്രമണം. ഇയാളെ വിളിച്ചിറക്കി റൂറൽ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും പൊലീസും സംസാരിച്ച് നിൽക്കുന്നതിനിടെ ബിജെപി പ്രവർത്തകനായ ശരത്തിന്റെ നേതൃത്വത്തിൽ 4 അംഗ സംഘമെത്തി ആക്രമിക്കുകയായിരുന്നു.
കോട്ടമുകൾ ആലിസ് വില്ലയിൽ ശരൺ(34), പുതുവൽ പുത്തൻ വീട്ടിൽ വിനു(31), ശരത്ത്(36), ഇയാളുടെ പിതാവ് ശശി(62) എന്നിവർ ചേർന്ന് പൊലീസിനെ മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇതേ സമയം പ്രതികളെ ബന്ധുക്കളുടെ മുന്നിൽ മർദിച്ചതായി ബിജെപി ആരോപിച്ചു.
ഇതിൽ നേതാക്കൾ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഏരിയ പ്രസിഡന്റ് ഷാജിലാൽ, വണ്ടന്നൂർ അജി, പഞ്ചായത്ത് അംഗങ്ങളായ കുമാരി പി.എസ്.മായ, വി.വി.ഷീബാമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.