തിരുവനന്തപുരത്തേയ്ക്കുള്ള വേണാടിന്റെ സമയം കൂടി പുനക്രമീകരിക്കണം

Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരത്തേയ്ക്കുള്ള വേണാടിന്റെ സമയം കൂടി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വിധം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയ്‌ക്ക് കത്ത് നൽകിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി.
16301 വേണാട് എക്സ്പ്രസ് കടന്നുപോകുന്നതിന് വേണ്ടി വള്ളത്തോൾ നഗർ മുതൽ അങ്കമാലിവരെ 12626 ന്യൂ ഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്, 12677 ബാംഗ്ലൂർ എറണാകുളം ഇന്റർസിറ്റി ട്രെയിനുകൾ പല സ്റ്റേഷനുകളിൽ പിടിച്ചിടുന്ന സാഹചര്യമാണിപ്പോൾ ഉള്ളത്. തൃശൂരിൽ വേണാട് എക്സ്പ്രസ്സ് ആദ്യം എത്തിച്ചേരുന്ന വിധമാണ് നിലവിലെ സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ അങ്കമാലി, ഇടപ്പള്ളി സ്റ്റേഷനുകളിൽ വെച്ച് വേണാടിനെ പിടിച്ചിട്ട് കേരള എക്സ്പ്രസ്, ഇന്റർ സിറ്റി സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ കടന്നുപോകുകയുമാണ് പതിവ്. ഇതുമൂലം ഷൊർണൂരിൽ നിന്ന് വളരെ നേരത്തെ പുറപ്പെടുകയും ദീർഘ നേരം വേണാട് വഴിയിൽ പിടിച്ചിടേണ്ടി വരികയും ചെയ്യുന്നു. കൂടുതൽ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ യാത്രാ സമയം കുറച്ച് ഷോർണൂരിൽ നിന്ന് പുറപ്പെടുന്ന വിധം സമയം ക്രമീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കൊടിക്കുന്നിൽ സുരേഷ് എം പി കത്തു നൽകി.
രാവിലെത്തെയും വൈകുന്നേരത്തെയും വേണാടിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹികളായ ശ്രീജിത്ത് കുമാർ, അജാസ് വടക്കേടം എന്നിവർ എം പിയെ സമീപിച്ച് യാത്രക്കാർ ഒപ്പിട്ട നിവേദനം കൈമാറിയിരുന്നു. 16302 വേണാട് എക്സ്പ്രസ്സിന്റെ രാവിലത്തെ സമയം ജനുവരി ഒന്നുമുതൽ യാത്രക്കാർക്ക് അനുകൂലമാകുന്ന വിധം ക്രമീകരിക്കുമെന്നുള്ള ഉറപ്പ് ലഭിച്ചതായും എം പി അറിയിച്ചു.