റാഗ്ബാഗ് ഫെസ്റ്റിവൽ ജനുവരി 14 മുതൽ 19 വരെ കോവളത്ത്

Mail This Article
തിരുവനന്തപുരം∙ നിത്യജീവിതത്തിൽ നാം നിസാരമായി ഉപേക്ഷിക്കുന്ന വസ്തുക്കൾ, ആശയങ്ങൾ, സംഗീതം, നാടകം, മറ്റു കലാവസ്തുക്കൾ തുടങ്ങിയവയുടെ സർഗാത്മകമായ മേളനമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ വ്യത്യസ്ത കലാ പ്രകടനങ്ങളുടെ ഒരു മേള തലസ്ഥാനത്ത് അരങ്ങേറുന്നു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റർനാഷനൽ പെർഫോമിങ് ആർട്സ് ഫെസ്റ്റിവൽ 2025 ജനുവരി 14-19 വരെ കോവളം ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും.

ഇന്ത്യ കൂടാതെ ഫ്രാൻസ്, പോളണ്ട്, ഇറ്റലി, ജർമനി, ഡെന്മാർക്ക്, ബെൽജിയം, സ്പെയിൻ, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാപ്രകടനങ്ങൾ ഈ ആറു ദിവസത്തെ മേളയിൽ അരങ്ങേറും. മുടിയേറ്റ്, നിഴൽപാവ കൂത്ത്, കബീർ ദാസിന്റെ കവിതകളുടെ സംഗീതാവിഷ്കാരം, വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവൽ, സാംസ്കാരിക ടൂറിസം, ക്രാഫ്റ്റ്, പെർഫോമിങ് ആർട്സ് എന്നിവയിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും ഉണ്ടാകും. എല്ലാ ദിവസവും പങ്കെടുക്കാവുന്ന ഫെസ്റ്റിവൽ പാസിന് രണ്ടായിരം രൂപ, ഒരു ദിവസത്തേക്ക് 500 രൂപ, നാലു പേർ അടങ്ങുന്ന കുടുംബത്തിന് 2200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് bookmyshow-യിൽ ലഭ്യമാണ്.