ഷർട്ട് ധരിച്ച് ക്ഷേത്രദർശനം: സർക്കാർ നിലപാട് എടുത്തിട്ടില്ലെന്ന് മന്ത്രി വാസവൻ
Mail This Article
തിരുവനന്തപുരം∙ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ചു ദർശനം ആകാമോ എന്ന കാര്യത്തിൽ സർക്കാർ ആലോചന നടത്തിയിട്ടില്ലെന്ന് മന്ത്രി വി.എൻ.വാസവൻ. ഷർട്ട് ധരിച്ച് ദർശനം പാടില്ലെന്ന നിബന്ധന ഒഴിവാക്കണമെന്ന ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു വാസവൻ. സംസ്ഥാനത്തെ 5 ദേവസ്വം ബോർഡുകൾ ചേർന്ന് ഈ വിഷയത്തിൽ തീരുമാനം അറിയിക്കുകയാണെങ്കിൽ സർക്കാർ നിലപാട് എടുക്കുമെന്നും മന്ത്രി അറിയിച്ചു.
ശ്രീനാരായണ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് കയറാൻ പാടില്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാണ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടത്. മന്ത്രവാദം, അന്ധവിശ്വാസം, തെറ്റായ പൂജകൾ, അനാചാരങ്ങൾ എന്നിവ പാടില്ലെന്നും ഊന്നിപ്പറഞ്ഞു. ശ്രീനാരായണ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശനം പാടില്ലെന്ന നിബന്ധന ഗുരുദർശനങ്ങളോട് ചേർന്നുപോകുന്നതല്ല.
സനാതന ധർമത്തെക്കുറിച്ച് ശ്രീനാരായണഗുരു ഉൾക്കൊണ്ടിരുന്ന കാഴ്ചപ്പാടാണ് ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചത്. അതിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നവർക്ക് ലക്ഷ്യങ്ങളുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവർ സനാതന ധർമത്തിന്റെ വക്താവായി ഗുരുവിനെ മാറ്റാനുള്ള നീക്കത്തിലാണ്.
ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ വ്യവസ്ഥിതിയെ ഗുരു എല്ലാക്കാലവും എതിർത്തെന്നും മന്ത്രി പറഞ്ഞു. മകര വിളക്കിനുള്ള ഒരുക്കങ്ങൾ ശബരിമലയിൽ പൂർണമാണ്. മണ്ഡല മഹോത്സവകാലത്ത് 32,70,000 ത്തിലേറെ പേർ ദർശനത്തിനെത്തി. സ്പോട് ബുക്കിങ് 5,40,000 കടന്നു. 12ന് പന്തളത്തു നിന്നു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്കും തിരിക്കും. കാനനപാതയിൽ കൂടിയുള്ള യാത്രയ്ക്ക് സജ്ജീകരണങ്ങളായി. 12ന് പമ്പാ സംഗമത്തിൽ തമിഴ്നാട് ദേവസ്വം മന്ത്രിയും നടൻ ജയറാമും പങ്കെടുക്കും. ശബരിമലയിൽ സ്ഥാപിക്കുന്ന റോപ്‌വേയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.