ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതചട്ടം പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് തദ്ദേശമന്ത്രി എം.ബി.രാജേഷ്. കലോത്സവത്തിൽ ശുചിത്വം ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളാണ് തിരുവനന്തപുരം കോർപറേഷനും സംഘാടകരും ഒരുക്കിയിരിക്കുന്നത്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ സജ്ജീകരണങ്ങളോട് സഹകരിക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കലോത്സവം കാണാനെത്തുന്ന പൊതുജനങ്ങളും തയാറാകണം. കേരളീയം, ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള പരിപാടികളിൽ മികവേറിയ ശുചിത്വപ്രവർത്തനം നടത്തി പരിചയമുള്ള കോർപറേഷൻ കലോത്സവത്തിലും പുത്തൻ മാതൃക സൃഷ്ടിക്കും. ബോധവൽകരണത്തിനായി ശുചിത്വമിഷനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക് ബോട്ടിലുകളുമായി വരുന്നവരില്‍ നിന്നും 10 രൂപ ബോട്ടില്‍ അറസ്റ്റ് ഫീസായി വാങ്ങുകയും തിരികെ പോകുമ്പോള്‍ തുക തിരികെ നല്‍കുകയും ചെയ്യും. 25 വേദികളില്‍ രണ്ടു ഷിഫ്റ്റിലായി 50 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 100 ഹരിതകര്‍മ സേനാംഗങ്ങള്‍, 100 ശുചീകരണ തൊഴിലാളികള്‍ എന്നിവരെയാണ് തിരുവനന്തപുരം കോർപറേഷൻ വിന്യസിച്ചിരിക്കുന്നത്. ഭക്ഷണശാല ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ 6 മുതല്‍ രാത്രി 12 വരെ 3 ഷിഫ്റ്റുകളിലായി 100 ശുചീകരണത്തൊഴിലാളികളും 12 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സേവനത്തിനുണ്ടാകും. മലിനജലം പുത്തരിക്കണ്ടത്ത് തന്നെ സംസ്കരിക്കുന്നതിന് മൊബൈല്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചു. 60 താല്‍കാലിക ശുചിമുറികളും പുത്തരിക്കണ്ടത്ത് സ്ഥാപിച്ചിട്ടുണ്ട്. കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡും, വേദികളിലേക്കും അക്കോമഡേഷന്‍ സെന്ററുകളിലേക്കുമുള്ള റോഡുകളും വൃത്തിയായി സൂക്ഷിക്കാൻ രാവിലെ 6 മുതല്‍ രാത്രി 12 വരെ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.

എല്ലാ വേദികളിലും മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനായി ജൈവമാലിന്യ ശേഖരണ ബിന്നും അജൈവമാലിന്യ ശേഖരണ ബിന്നും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ബിന്നുകൾ താമസകേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ജൈവമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് അംഗീകൃത ഏജന്‍സികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. വേദികളില്‍ നിന്നും അക്കോമഡേഷന്‍ സെന്ററുകളില്‍ നിന്നും ദിവസേന രണ്ടു നേരം സാനിട്ടറി പാഡ് ഉള്‍പ്പെടെയുള്ള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കും. ഇതിനു പുറമേ സെപ്റ്റേജ് മാലിന്യം ശേഖരിക്കുന്നതിനുള്ള വാഹന സൗകര്യം പൂർണസമയം ലഭ്യമാണ്. 25 അക്കോമഡേഷന്‍ സെന്ററുകളിലും ക്ലീനിങ് പൂര്‍ത്തിയാക്കി. ഇവിടെ എല്ലാ ദിവസവും ഫോഗിങ് നടത്തും. ഇക്കാര്യങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും പരാതികൾ തീർപ്പാക്കാനുമായി പുത്തരിക്കണ്ടത്തും സെന്‍ട്രല്‍ സ്റ്റേഡിയത്തും കണ്‍ട്രോള്‍ റൂമും കോർപറേഷൻ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

English Summary:

School Kalolsavam prioritizes a green protocol to ensure environmental sustainability. Minister M.B. Rajesh urged participants and organizers to adhere to waste management and cleanliness measures throughout the event.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com