‘കഥകളിക്ക് ഒരാളെ മത്സരിപ്പിക്കുന്നതിന് ഏകദേശം 3 ലക്ഷം രൂപ വേണം'; ജ്യേഷ്ഠനായി ‘വേഷപ്പകർച്ച’

Mail This Article
തിരുവനന്തപുരം∙ ‘കഥകളിക്ക് ഒരാളെ മത്സരിപ്പിക്കുന്നതിന് ഏകദേശം 3 ലക്ഷം രൂപ വേണം. രണ്ടാളെ എങ്ങനെ മത്സരിപ്പിക്കും’ – വീട്ടിലെ കഥകളിച്ചർച്ചയ്ക്കു പരിഹാരം കണ്ടെത്തിയതു സാധികയാണ്. ജ്യേഷ്ഠൻ സാരംഗ് ഇത്തവണ മത്സരിക്കട്ടെ, താൻ അടുത്ത വർഷം മത്സരിച്ചോളാം എന്നു പ്രഖ്യാപിച്ചു സ്വയം പിന്മാറി. എച്ച്എസ്എസ് വിഭാഗം കഥകളി സിംഗിൾ ഇനത്തിൽ എ ഗ്രേഡ് നേടിയെന്നറിഞ്ഞപ്പോൾ സാരംഗ് അമ്പാടി ആദ്യം സന്തോഷം പങ്കുവച്ചത് അനിയത്തി സാധികയ്ക്കൊപ്പമാണ്.
കൊല്ലം ഓടനാവട്ടം കെആർജിപിഎം എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് സാരംഗ്. 6 വർഷമായി കഥകളി പഠിക്കുന്നു. സാധികയും 2 വർഷമായി കഥകളി പരിശീലിക്കുന്നുണ്ട്. ഓട്ടൻതുള്ളലിൽ ജില്ലാ തലത്തിൽ മത്സരിച്ചിരുന്നു. അവസരം ജ്യേഷ്ഠനു വിട്ടുനൽകിയതിൽ വിഷമം ഇല്ലെന്നാണു സാധിക പ്രതികരിച്ചത്. കൂടുതൽ തയാറെടുപ്പുകളോടെ അടുത്ത വർഷം കഥകളിയിൽ മത്സരിക്കുമെന്നും സാധിക പറയുന്നു. സാരംഗ് ഇന്ന് ഓട്ടൻതുള്ളലിൽ മത്സരിക്കും. അനിൽ കുമാർ – രേഖ മണി ദമ്പതികളുടെ മക്കളാണ് ഇരുവരും.